പാലാ : ഐക്യ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് പാലായിൽ പൂർണ്ണം. കടകള്‍ ഒന്നും തുറന്നില്ല. വ്യാപാര മേഖല പൂര്‍ണ്ണമായി സ്തംഭിച്ചു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. അങ്ങിങ്ങ് ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങൾ മാത്രം ഓടി.
രാവിലെ പത്തരയോടെ ഐക്യ ട്രേഡ് യൂണിയൻ പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടന്നു. പാലാ തെക്കേക്കര സിപിഐ ആഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ളാലം ജങ്ഷനിൽ എത്തി ഗവർമെന്റ് ആശുപത്രി ജങ്ഷനിൽ പൊതു യോഗത്തോടെ സമാപിച്ചു. പ്രകടനത്തിന് ലാലിച്ചൻ ജോർജ്ജ് , ബാബു കെ ജോർജ്ജ്, ടി ആർ മധുസുധൻ, പൂവേലി ജോസുകുട്ടി, സന്തോഷ് മണർകാട്, അഡ്വക്കേറ്റ് ജോബി കുറ്റിക്കാട്, അഡ്വക്കേറ്റ് തോമസ് വി ടി, ജോസ് പാറേക്കാട്ട് എന്നിവർ നേതൃത്വം നൽകി.
പോലീസ് ശക്തമായ സുരക്ഷാ സന്നാഹം ഒരുക്കിയതിനാൽ സംഘർഷം ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പൊതുജനങ്ങൾ ഈ ഹർത്താൽ ആഘോഷമാക്കി. കപ്പക്കട, കോഴിക്കട, മദ്യ ഷോപ്പുകള്‍ എന്നിവിടങ്ങളിൽ ഇന്നലെ വലിയ തിരക്കായിരുന്നു. പൊതുവിൽ ഹർത്താലിനെ എതിർക്കുന്നവരും ഇതുപോലുള്ള പണിമുടക്കുകൾ വരുമ്പോൾ വീട്ടിൽ ആഘോഷമാക്കുകയാണ് പതിവ്.