ശബരിമല : പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105എസ്. ഐ,എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് തിങ്കളാഴ്ച ചുമതലയേറ്റത്. ഡിവൈഎസ്പി മാർക്കും പോലീസ് ഇൻസ്പെക്ടർമാർക്കും സ്പെഷ്യൽ ഓഫീസർ ദേവസ്വം കോംപ്ലക്സ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകി. വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ നാലാമത് ബാച്ച് പോലീസ് സേനയ്ക്ക് സ്പെഷൽ ഓഫീസർ ,ജോയിൻറ് സ്പെഷൽ ഓഫീസർ, അസിസ്റ്റൻറ് സ്പെഷ്യൽ ഓഫീസർ എന്നിവർ ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായ ബി കൃഷ്ണകുമാർ (എസ് പി റെയിൽവേ പോലീസ്) ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ ഉമേഷ് ഗോയൽ(മാനന്തവാടി എ.എസ്.പി), അസി. സ്‌പെഷൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ്.പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിൻ്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.
തീർത്ഥാടകർക്ക് സുഗമദർശനം സാധ്യമാക്കുന്നതിന് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വരുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ ഓരോ ഉദ്യോഗസ്ഥരും കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കണമെന്നും തീർത്ഥാടകരോട് സൗമ്യമായി പെരുമാറണമെന്നും സ്പെഷ്യൽ ഓഫീസർ നിർദ്ദേശിച്ചു. അയ്യപ്പ ഭക്തൻമാർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്‌പെഷ്യൽ ഓഫീസർ നിർദ്ദേശം നൽകി. തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിച്ചു