പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പ പാളികള്‍ വീണ്ടും സ്വര്‍ണ്ണം പൂശുവാന്‍ ഇളക്കിയെടുത്തിട്ട് സെപ്റ്റംബര്‍ 7 ന് ഒരു വര്‍ഷം തികയുമ്പോള്‍ അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം ചിങ്ങമാസ പൂജകള്‍ കഴിഞ്ഞ് നടയടച്ച ശേഷം സെപ്റ്റംബര്‍ 7 ന് രാത്രിയിലാണ് പാളികള്‍ അഴിച്ചെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയത്. 2019 ല്‍ ദേവസ്വം ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടന്ന സ്വര്‍ണ്ണക്കൊള്ള ദേവസ്വം വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുന്നതിനായി കേരള ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
2025 ഒക്ടോബര്‍ 10 ന് ആരംഭിച്ച എസ്.ഐ.റ്റി അന്വേഷണത്തില്‍ 11 മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാഥമിക കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികള്‍ എല്ലാവരും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഹൈക്കോടതി നിയോഗിച്ച ദേവസ്വം സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാതെ വിലപിടിപ്പുള്ള വസ്തുക്കള്‍ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുത് എന്ന ചട്ടം മറികടന്നാണ് സ്വര്‍ണ്ണപ്പാളികള്‍ ചെന്നെയിലേക്ക് മാറ്റിയത്. 2019 ല്‍ സ്വര്‍ണ്ണം പൂശി നല്‍കിയ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ നല്‍കിയ ദ്വാരപാലക ശില്‍പ്പത്തിന്റെ താങ്ങുപീഠം കാണാതായി എന്ന് നടത്തിയ പ്രസ്താവനയാണ് കേസില്‍ വഴിത്തിരിവായത്. താങ്ങുപീഠം കാണാതായ സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ താങ്ങുപീഠം പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതോടെ കേസ് മറ്റൊരു വഴിത്തിരിവിലെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ നടന്ന വലിയ സ്വര്‍ണ്ണക്കൊള്ള വിജിലന്‍സ് നടത്തിയ തുടരന്വേഷണത്തില്‍ തെളിയുകയും ചെയ്തു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തുടക്കമിട്ടു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഭരിച്ചിരുന്ന സി.പി.എം, സി.പി.ഐ നേതാക്കളടക്കം അറസ്റ്റിലായത് തെരഞ്ഞടുപ്പ് കാലത്ത് ഇടത് മുന്നണിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നതെങ്കിലും തെരഞ്ഞടുപ്പ് കാലഘട്ടത്തില്‍ അന്വേഷണം ഇഴഞ്ഞ് നീങ്ങിയതും തട്ടിപ്പ് നടന്ന കാലത്ത് ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന പി.കെ ശങ്കര്‍ ദാസിനെ അറസ്റ്റ് ചെയ്യാന്‍ മടിച്ചതുമെല്ലാം ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി.
2025 ല്‍ നടന്ന സ്വര്‍ണ്ണം പൂശലും തട്ടിപ്പിന്റെ ഭാഗമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കഴിഞ്ഞ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗങ്ങളെയാണ് ഏറ്റവും ഒടുവില്‍ എസ്.ഐ.റ്റി അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണപ്പാളികളുടെ സാമ്പിളുകള്‍ വി.എസ്.എസ്.സി ലാബിലും ജംഷഡ്‌പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലും പരിശോധിച്ചതിന്റെ ഫലവും ലഭിച്ചു. എന്നിട്ടും അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

































