പത്തനംതിട്ട : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശബരിമല തീർത്ഥാടനത്തിന് അനുമതിയായെങ്കിലും ഇതര സംസ്ഥാനക്കാരുടെ എണ്ണം എങ്ങനെ നിയന്ത്രിക്കുമെന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. ഇവരെ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ അതിര്‍ത്തി കടത്തുമെന്നത് സര്‍ക്കാറിനെയും പ്രതിസന്ധിയിലാക്കും. പ്രോട്ടോക്കോള്‍ തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്കി. തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ആരോഗ്യ പ്രോട്ടോക്കോള്കൂടി തയ്യാറാക്കാനാണ് നിര്‍ദേശം.
ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും പരിശോധന ശക്തമാക്കും. കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഇതര സംസ്ഥാന സര്‍ക്കാറുകളുമായി അടുത്തയാഴ്ച ചര്‍ച്ച തുടങ്ങും.
തീര്‍ത്ഥാടകരുടെ എണ്ണം സംബന്ധിച്ച് ആദ്യം ഉദ്യോഗസ്ഥ തലത്തിലും പിന്നീട് മന്ത്രിതല ചര്‍ച്ചയും നടക്കും. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്തന്നെ പരിശോധന സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്.
ദര്‍ശനത്തിന് പ്രതിദിനം അനുവദിക്കാവുന്നവരുടെ എണ്ണം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്രപേര്‍ക്ക് ദര്‍ശനത്തിന് അനുമതി, പരിശോധന നടപടികള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ സംബന്ധിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതലയും ആരോഗ്യവകുപ്പിനാണ്. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്തും. പരമ്പരാഗത പാതകളിലൂടെ തീര്‍ത്ഥാടനം അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം.
പ്രതിദിനം 5000 പേര്‍ക്ക് മാത്രമാകും പ്രവേശനം. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം സര്‍ക്കാര്‍ തേടുന്നുണ്ട്. നിയന്ത്രണം കടുപ്പിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് അതൃപ്തിയുണ്ട്. എന്നാല്‍, പ്രവേശനം അനുവദിക്കുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ ആവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. സമൂഹ അകലം പാലിച്ച് നിലക്കലും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും പോലീസ്-ആരോഗ്യ-ദേവസ്വം ജീവനക്കാരെ താമസിപ്പിക്കുന്നതും കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുക.