പത്തനംതിട്ട : ശബരിമല വിഷയത്തില്‍ സി.പി.എമ്മും ബിജെപിയും വിശ്വാസികളെ വഞ്ചിച്ചുവെന്ന് യു.ഡി.എഫ്. ഐശ്വര്യകേരള യാത്രയുടെ സ്വീകരണപരിപാടിക്ക് മുന്നോടിയായുള്ള യു.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ഇതു സംബന്ധിച്ച് പ്രമേയം പാസാക്കി.
നവോത്ഥാന നായകനാകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍നിന്നും പിന്‍വലിച്ചതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധിവന്ന ശേഷം എല്ലാവരുമായി കൂടിയാലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് പറയുന്ന സി.പി.എം ഈ വിവേകം സുപ്രീംകോടതി വിധി വന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ കേരളം കലാപ ഭൂമിയാകുന്നത് ഒഴിവാക്കാമായിരുന്നു.
സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെയ്യേണ്ടത് അവര്‍ യുവതീപ്രവേശനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുകയാണ്. ശബരിമല പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയുമായിരുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം ഇപ്പോഴും നിയമനിര്‍മാണത്തെ സംബന്ധിച്ച് നിലപാട് പറയുന്നില്ല. പരസ്യമായി വര്‍ഗീയ നിലപാട് സ്വീകരിക്കാന്‍ മടിയില്ലാത്ത ബി.ജെ.പി ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണത്തിന് തയാറാകാതെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമല പ്രക്ഷോഭവുമായിബന്ധപ്പെട്ട് ജില്ലയിലുടനീളം കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ജില്ലയില്‍ നടന്ന സ്ത്രീപീഡനങ്ങള്‍, പോലീസ് അതിക്രമങ്ങള്‍, ദുരൂഹ മരണങ്ങള്‍, അഴിമതികള്‍ എന്നിവയെ സംബന്ധിച്ച് യു.ഡി.എഫ് തയാറാക്കിയ റിപ്പോര്‍ട്ട് ഐശ്വര്യ കേരളയാത്ര നയിച്ച് എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറും. ജില്ലയിലെ അഞ്ചുകേന്ദ്രങ്ങളില്‍ ഫെബ്രുവരി 17 ന് ഐശ്വര്യ കേരള ജാഥക്ക് സ്വീകരണം ഒരുക്കും. 25000 ജനങ്ങള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
17 ന് രാവിലെ 10 എ.എം ന് തിരുവല്ല 11 എ.എം ന് റാന്നി, 4 പി.എം ന് കോന്നി, 5 പി.എം ന് അടൂര്‍, 6 പി.എം ന് പത്തനംതിട്ടയില്‍ സമാപനം എന്ന രീതിയിലാണ് ജാഥകള്‍ ക്രമീകരിച്ചിട്ടുള്ളത്.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍.ടി. തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം ആന്റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍, ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോസഫ് എം.പുതുശ്ശേരി, ജോണ്‍ കെ. മാത്യൂസ്, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, എന്‍. ഷൈലാജ്, അബ്ദുള്‍ ലത്തീഫ്, സനോജ് മേമന, അനീഷ് വരിക്കണ്ണാമല, റിങ്കുചെറിയാന്‍, അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, മാത്യു വീരപ്പള്ളി, മലയാലപ്പുഴ ശ്രീകോമളന്‍, മധു ചെമ്പുകുഴി, ജേക്കബ് തോമസ്, അഡ്വ. വി.എ ഹന്‍സലാഹ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.