പന്തളം: നാളെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിൽ നിന്ന് കൗഷിക് കെ. വർമയും ഋഷികേശ് വർമയും ഇന്നു പുറപ്പെടും. ശബരിമല മേൽശാന്തിയെ കൗഷിക് വർമയും മാളികപ്പുറം മേൽശാന്തിയെ ഋഷീകേശ് വർമയും തെരഞ്ഞെടുക്കും.
പന്തളം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഉച്ചയോടെ തിരുവാഭരണ മാളികയ്ക്കു മുമ്പിൽ കെട്ടുനിറച്ചു വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷമായിരിക്കും രക്ഷിതാക്കൾക്കും കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾക്കുമൊപ്പമുള്ള ശബരിമല യാത്ര. മുൻകാലങ്ങളിൽ കൊട്ടാരത്തിൽ നിന്നുള്ള 10 വയസിൽ താഴെയുള്ള കുട്ടികളായിരുന്നു മേൽശാന്തിമാരെ നറുക്കെടുത്തിരുന്നത്. മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തിരുന്നതു പെണ്‍കുട്ടിയുമാണ്. കോവിഡ് മാനദണ്ഡമനുസരിച്ചു 10 വയസിൽ താഴെയുള്ള കുട്ടികൾക്കു ശബരിമല യാത്രയിൽ വിലക്കുള്ളതിനാലാണ് ഇത്തവണ ഇതിന് മാറ്റം ഉണ്ടായത്.
ആചാരമനുസരിച്ചു 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകൾക്കു മല ചവിട്ടാൻ വിലക്കുള്ളതിനാലാണു മാളികപ്പുറം മേൽശാന്തിയെ ഋഷികേശ് നറുക്കെടുക്കുന്നത്. പന്തളം നാലുകെട്ട് കൊട്ടാരത്തിൽ കേരളവർമയുടെയും പള്ളം കൊട്ടാരത്തിൽ സീതാലക്ഷിയുടെയും മകനാണു കൗഷിക്. പന്തളം എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിൽ 7-ാം ക്ലാസ് വിദ്യാർഥിയാണ്. പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ അനൂപ് വർമയുടെയും എറണാകുളം മംഗള മഠത്തിൽ പാർവതിവർമയുടെയും മകനായ ഋഷികേശ് എറണാകുളം ഭവൻസ് വിദ്യാമന്ദിറിൽ 8-ാം ക്ലാസ് വിദ്യാർഥിയാണ്