തിരുവല്ല : ശബരിമല മണ്ഡല ,മകരവിളക്ക് ഉത്സവത്തിനുള്ള ലേലം മുടങ്ങിയതോടെ ദേവസ്വം ബോര്‍ഡിന് 50 കോടിയുടെ നഷ്ടം. കഴിഞ്ഞ ദിവസം റീടെണ്ടര്‍ തുറന്നപ്പോള്‍ രണ്ടു പേര്‍ മാത്രമാണ് പങ്കെടുത്തത്. നൂറ്റിയമ്പതോളം ഇനങ്ങളാണ് ലേലത്തിനുള്ളത്. മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി അടിസ്ഥാന സൗകര്യങ്ങള്‍ക്കും മറ്റ് ചെലവുകള്‍ക്കുമായി ലേലത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ കൊടുക്കാമെന്നേറ്റ സഹായവും അനിശ്ചിതത്വത്തിലായതോടെ കരുതല്‍ ധനത്തില്‍ കൈവെയ്‌ക്കേണ്ട അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡ്.
കഴിഞ്ഞ ദിവസം റീ ടെണ്ടറും വ്യാപാരികള്‍ ബഹിഷ്‌ക്കരിച്ചതോടെ ഓപ്പണ്‍ ലേലം നടത്താനാണ് ബോര്‍ഡിന്റെ തീരുമാനം. ഇതിന്റെ തീയതിയും സ്ഥലവും ബോര്‍ഡ് തീരുമാനിച്ചിട്ടില്ല. എന്നാല്‍ നിരക്കുകള്‍ കുറയ്ക്കാന്‍ ബോര്‍ഡ് തയ്യാറാകാത്ത സാഹചര്യത്തില്‍ ഓപ്പണ്‍ ലേലവും വിജയിക്കാനുള്ള സാധ്യത കുറവാണ്. കുത്തക ലേലം നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും മുന്‍ വര്‍ഷത്തെ വ്യാപാരികള്‍ക്ക് തുടരാന്‍ അവസരമൊരുക്കണമെന്നും വ്യാപാരികള്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലേലം കൊണ്ട വ്യാപാരികള്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിച്ച സാഹചര്യം കണക്കിലെടുത്താണ് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും ബോര്‍ഡ് പ്രസിഡന്റ് കടുംപിടിത്തം തുടരുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം.
മണ്ഡലക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇനി ലേലം നടക്കാനുള്ള സാധ്യത വിരളമാണ്. സര്‍ക്കാരിന്റെ ധനസഹായവും നടവരുമാനവും ലേലത്തില്‍ നിന്ന് ലഭിക്കുമായിരുന്ന വരുമാനവും മുടങ്ങിയ സാഹചര്യത്തില്‍ ദേവസ്വം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വരുംമാസങ്ങളില്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന് കരുതല്‍ ധനം എടുത്ത് ഉപയോഗിക്കേണ്ടി വരും. 200 കോടിയാണ് ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ ധനം. ഇത് ഉപയോഗിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വാങ്ങാണ്ടേതായി വരും. സാമ്പത്തിക പ്രതിസന്ധിമൂലം ശബരിമലയിലും പമ്പയിലും അത്യാവശ്യ നിര്‍മാണ ജോലികള്‍ മാത്രമാണ് നടത്തുന്നത്.
ഇതിനിടെയില്‍ മണ്ഡലക്കാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി ഘട്ടംഘട്ടമായി തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്താനാണ് ആലോചിക്കുന്നത്. ഇപ്പോള്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരവും മറ്റ് ദിവസങ്ങളില്‍ ആയിരം തീര്‍ത്ഥാടകര്‍ക്കുമാണ് പ്രവേശനം. മകരവിളക്കിന് 5,000 വും. ദിവസം 10,000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നത്. ഇക്കാര്യങ്ങള്‍ വ്യാപാരികളെ ബോധ്യപ്പെടുത്തി ഓപ്പണ്‍ ലേലത്തില്‍ പങ്കെടുപ്പിക്കാനുള്ള നീക്കവും സജീവമാണ്.