ശബരിമല: സന്നിധാനത്ത് ആഴിക്കു സമീപം അപ്പം, അരവണ എന്നിവയുടെ വിതരണത്തിനായി മൂന്ന് കൗണ്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അരവണ ഒരു ടിന്നിന് 80 രൂപയും അപ്പത്തിന് ഒരു പായ്ക്കറ്റിന് 35 രൂപയുമാണ് നിരക്ക്. സന്നിധാനം ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസിന് അടുത്തുള്ള കൗണ്ടറില്‍ വിഭൂതി, മഞ്ഞള്‍ പ്രസാദം, കുങ്കുമ പ്രസാദം, നെയ്യ് അഭിഷേക ടിക്കറ്റ്, ആടിയശിഷ്ടം നെയ്യ് 100 ഗ്രാം പായ്ക്കറ്റ് ടിക്കറ്റ്, എല്ലാ വഴിപാടുകള്‍ക്കുമുള്ള ടിക്കറ്റ് എന്നിവ വിതരണം ചെയ്യുന്നുണ്ട്. നെയ്യ് അഭിഷേകത്തിന് ഒരു മുദ്രക്ക് 10 രൂപയും വിഭൂതിക്ക് 25 രൂപയും മഞ്ഞളും കുങ്കുമവും ഒരുമിച്ചുള്ള പ്രസാദത്തിന് 40 രൂപയും ആടിയ ശിഷ്ടം നെയ്യ്ക്ക് 100 ഗ്രാം പായ്ക്കറ്റിന് 75 രൂപയുമാണ് നിരക്ക്.
സന്നിധാനത്തെ കൗണ്ടറില്‍ നെയ്യ് നിറച്ച തേങ്ങ നല്‍കണം. ഒരു മുദ്രക്ക് 10 രൂപയാണ് നിരക്ക്. ഭക്തര്‍ നല്‍കുന്ന നെയ്യ് ക്ഷേത്രം ജീവനക്കാര്‍ അഭിഷേകം നടത്തും. നെയ്യ് അഭിഷേക രസീത് വാവരുനടയ്ക്ക് മുന്നിലെ മരാമത്തു കോംപ്ലക്‌സില്‍ ഉള്ള കൗണ്ടറില്‍ നല്‍കിയാല്‍ ഓരോ മുദ്രയ്ക്കും ആനുപാതികമായി ആടിയശിഷ്ടം നെയ്യ് ലഭിക്കും. മാളികപുറത്തെ കൗണ്ടറില്‍ നവഗ്രഹപൂജ, കുങ്കുമം മഞ്ഞള്‍ പ്രസാദം, ഉടയാട ചാര്‍ത്ത്, ഭഗവതിസേവ തുടങ്ങിയ പൂജകള്‍ക്ക് രസീത് എടുക്കാം. നവഗ്രഹപൂജയ്ക്ക് 250 രൂപ, കുങ്കുമം മഞ്ഞള്‍ പ്രസാദത്തിന് ഒരുമിച്ചു 40 രൂപ, ഉടയാട ചാര്‍ത്തിന് 25 രൂപ, ഭഗവതിസേവയ്ക്ക് 2,000 രൂപ എന്നിങ്ങനെയാണ് നിരക്ക്.
പമ്പയില്‍ മോദകം, അവല്‍പ്രസാദം എന്നിവയ്ക്ക് മാത്രമായി രണ്ട് കൗണ്ടറുകളുണ്ട്. മോദകം 40 രൂപ, അവല്‍പ്രസാദം 30 രൂപ എന്നിങ്ങനെയാണ് നിരക്ക്. പമ്ബ ആഞ്ജനേയ ഓഡിറ്റോറിയത്തിനും വിനായക ഗസ്റ്റ് ഹൗസിനും ഇടയിലുള്ള പടവുകള്‍ക്ക് താഴെ വലതുവശത്താണ് ഒരു കൗണ്ടര്‍. പമ്പ ഗണപതി ശ്രീകോവിലിനു സമീപമുള്ള അഡ്മിനിട്രേറ്റീവ് ഓഫീസിനോട് ചേര്‍ന്നാണ് മറ്റൊരു കൗണ്ടര്‍. പമ്പ ഗണപതി ശ്രീകോവിലിനു സമീപമുള്ള അഡ്മിനിട്രേറ്റീവ് ഓഫീസിനോട് ചേര്‍ന്നുള്ള ജനറല്‍ കൗണ്ടറില്‍ മറ്റ് പൂജകള്‍ക്കുള്ള രസീതെടുക്കാം.
ഇവിടെ ഗണപതിഹോമത്തിന് 300 രൂപയാണ് നിരക്ക്. പമ്പയിലെ കെട്ടുനിറ മണ്ഡപത്തിന് സമീപം കെട്ടുനിറ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നു. കെട്ട് നിറയ്ക്ക് ഇവിടെ ഒരാള്‍ക്ക് 250 രൂപയാണ് നിരക്ക്. ഇരുമുടികെട്ട്, കെട്ട് നിറയ്ക്കല്‍ സാധനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. പമ്പയിലെ കെട്ടുനിറ മണ്ഡപത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.