പത്തനംതിട്ട: തുലാമാസ പൂജാ കാലത്ത് ദര്‍ശനം അനുവദിച്ചെങ്കിലും തീര്‍ത്ഥാടകര്‍ കുറഞ്ഞത് മൂലം ദേവസ്വം ബോര്‍ഡിന് നഷ്ടം. പ്രതിദിനം 250 പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി നല്‍കിയ തീരുമാനം തെറ്റായിപ്പോയെന്നാണ് വിലയിരുത്തല്‍. കുറഞ്ഞത് ആയിരം പേര്‍ക്കെങ്കിലും വെര്‍ച്വല്‍ ക്യൂവിലൂടെ ദര്‍ശനം അനുവദിച്ചിരുന്നെങ്കില്‍ നഷ്ടം പരിഹരിക്കാമായിരുന്നു. കാണിക്ക ഇനത്തില്‍ നാമമാത്രമായ തുകയാണ് ലഭിക്കുന്നത്. ഉദയാസ്തമന പൂജ, പടിപൂജ എന്നിവ വഴി കിട്ടുന്ന വരുമാനമേയുള്ളു. അരവണ പ്രസാദവും വേണ്ടത്ര വില്‍പ്പനയില്ല.
നൂറില്‍പ്പരം ദേവസ്വം ജീവനക്കാര്‍ക്ക് പുറമേ 120 ആരോഗ്യ പ്രവര്‍ത്തകരും നൂറ്റി അന്‍പതോളം പോലീസുകാരും സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുണ്ട്. ഇവര്‍ക്ക് മൂന്ന് നേരത്തെ ഭക്ഷണം നല്‍കുന്നതിനുതന്നെ ബോര്‍ഡിന് വലിയൊരു തുക ചെലവാകും. ഇപ്പോഴത്തെ വരുമാനം ദൈനംദിന ചെലവിനുപോലും തികയുന്നില്ല. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീരുമാനിച്ചത്. 250 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇരുനൂറില്‍ താഴെയേ എത്തുന്നുള്ളു. ദര്‍ശനത്തിന് സോപാനത്ത് പലപ്പോഴും ആരുമില്ല.
കുറഞ്ഞത് ആയിരം തീര്‍ത്ഥാടകര്‍ എത്തിയാലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനം നല്‍കാമായിരുന്നെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തിങ്കള്‍ മുതല്‍ വെള്ളിവരെ ആയിരം പേരെ വീതവും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരം പേരെയും പ്രവേശിപ്പിക്കാനാണ് ഇപ്പോഴത്തെ ആലോചന. മറ്റ് ദിവസങ്ങളില്‍ കുറഞ്ഞത് അയ്യായിരം പേരെ പ്രവേശിപ്പിക്കാന്‍ കഴിയും.
ലാഭവും നഷ്ടവും നോക്കിയല്ല ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഏഴുമാസമായി മുടങ്ങിയ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ട്രയല്‍ മാത്രമാണിത്. മണ്ഡല മകരവിളക്ക് കാലത്ത് കൂടുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനാകുമോ എന്നത് പരിശോധിക്കും.