പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല പൂജ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര നാളെ പുറപ്പെടും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുന്നത്. നാളെ പുറപ്പെടുന്ന രഥം 73 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് സന്നിധാനത്ത് എത്തുക. നാളെ പുലര്‍ച്ചെ നാല് മണി മുതല്‍ ആറന്മുള ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തങ്ക അങ്കി ദര്‍ശനത്തിനുള്ള അവസരം ഉണ്ട്. ഏഴ് മണിക്കാണ് രഥം പുറപ്പെടുക. ആളും ആരവവും ഇല്ലാതെയാണ് കഴിഞ്ഞ കൊല്ലം തങ്ക അങ്കി രഥ ഘോഷയാത്ര സന്നിധാനത്തെത്തിയത്.
കോവിഡ് ഇളവുകള്‍ വന്നതോടെ സാധാരണ തീര്‍ത്ഥാടന കാലം പോലെയാണ് ഇക്കുറി രഥ ഘോഷയാത്ര. തങ്ക അങ്കിയെ അനുഗമിക്കാന്‍ ഇത്തവണ ഭക്തര്‍ക്ക് അനുമതിയുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് നിര്‍ദേശം. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് ഘോഷയാത്ര പമ്പയിലെത്തും. അന്ന് വൈകിട്ട് 6.30ക്ക് തങ്ക അങ്കി ചാര്‍ത്തിയാണ് ദീപാരാധന. 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂര്‍ത്തിയാക്കി ഞായറാഴ്ച നട അടയ്ക്കും. 30ന് വൈകിട്ട് മകര വിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും.