തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനായി ഓണ്‍ ലൈന്‍ ബുക്കിംങ് ഇന്ന് മുതല്‍. വൈകിട്ട് അഞ്ച് മണി മുതല്‍ ഔദ്യോഗിക സൈറ്റ് ഓപ്പണാകും. കര്‍ക്കടകമാസ പൂജകള്‍ക്കായി 16ന് വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണിന് ശേഷം ഭക്തര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. ജൂലൈ 17 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. ഒരു ദിവസം 5000 ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരിക്കും. ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ക്കിടക മാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ദര്‍ശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കുകയില്ല.