പത്തനംതിട്ട : അയ്യപ്പഭക്തരുടെ ഒഴുക്കാരംഭിച്ചതോടെ ശബരിമല സന്നിധനത്തും പമ്പയിലുമുള്ള അന്നദാനശാലകളില്‍ തിരക്കേറുന്നു. പ്രതിദിനം പതിനായിരത്തോളം അയ്യപ്പഭക്തര്‍ക്കാണ് സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനശാല ആതിഥ്യമരുളുന്നത്. മണ്ഡലപൂജയ്ക്ക് തിരക്കേറുമെന്നതിനാല്‍ ഇന്നും നാളെയും കൂടുതല്‍ ഭക്തര്‍ അന്നദാന മണ്ഡപത്തിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.
രാവിലെ ആറിന് ആരംഭിക്കുന്ന പ്രവര്‍ത്തനം രാത്രി 10.30 വരെ നീണ്ടുനില്‍ക്കും. പുലര്‍ച്ചെ ദര്‍ശനം കഴിഞ്ഞ് എത്തുന്ന ഭക്തരെക്കാത്ത് ആറിന് മുമ്പുതന്നെ പ്രഭാതഭക്ഷണമായി ഉപ്പുമാവും കടലക്കറിയും തയാറായിരിക്കും. രാവിലെ 11 വരെ പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണിവരെ പുലാവാണ് ഭക്ഷണമായി നല്‍കുന്നത്. വൈകിട്ട് ആറ് മുതല്‍ സായാഹ്നഭക്ഷണം നല്‍കും. ഹരിവരാസനം പാടി നട അടക്കുന്നതുവരെ രാത്രിഭക്ഷണം ലഭിക്കും. കഞ്ഞിയും പയറും പുലാവുമെല്ലാം ഈ സമയത്ത് ഭക്തര്‍ക്ക് ലഭിക്കും.
ഹോട്ടലുകളൊന്നും ഇല്ലാതിരുന്ന കാലത്താണ് അന്നദാന ശാലയെന്ന ആശയം ശബരിമലയില്‍ നടപ്പാക്കുന്നത്. വൈകാതെതന്നെ ഭക്തര്‍ക്ക് വിശ്വസ്തതയോടെ ആശ്രയിക്കാന്‍ കഴിയുന്ന ഭക്ഷണശാലയായി അന്നദാനശാല മാറുകയും ചെയ്തു. ഒരു ദിവസം 40,000 പേര്‍ക്കുവരെ ആതിഥ്യമരുളാനുള്ള ശേഷി ഇന്ന് ഈ മണ്ഡപത്തിനുണ്ട്. കോവിഡ് സാഹചര്യങ്ങള്‍ ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും ഒരുനേരം 2500 ഓളം പേര്‍ അന്നദാന ശാലയിലത്തുന്നുവെന്നാണ് കണക്ക്.