പത്തനംതിട്ട : ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസില്‍ അയ്യപ്പസ്വാമിയുടെ പേരില്‍ ദിവസവും എത്തുന്നത് അനേകം കത്തുകളും മണിയോര്‍ഡറുകളും. വിവാഹ ക്ഷണകത്തുകളും, ഗൃഹപ്രവേശ ക്ഷണകത്തുകളും, നന്ദി പത്രങ്ങളും ദിനംപ്രതി ലഭിക്കുന്നുണ്ട്. കൂടാതെ സ്വാമി അയ്യപ്പന്റെ പേരില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ദിനംപ്രതി നൂറോളം മണിയോര്‍ഡറുകളാണ് പോസ്റ്റോഫീസില്‍ എത്തുന്നത്. 10 രൂപ മുതല്‍ 5000 രൂപവരെയുള്ള മണിയോര്‍ഡറുകള്‍ ഇവയിലുണ്ട്. അതത് ദിവസംതന്നെ ഇത്ശബരിമല എക്സിക്യൂട്ടീവ് ഓഫീസറെ ഏല്‍പ്പിക്കാറുണ്ടെന്ന് പോസ്റ്റുമാസ്റ്റര്‍ പി.ജി വേണു പറഞ്ഞു. മാളികപ്പുറത്തിന് താഴെയായി സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസിലെ സീലിനും ഒരു പ്രത്യേകത ഉണ്ട്. പതിനെട്ടാം പടിയില്‍ അയ്യപ്പന്‍ ഇരിക്കുന്ന രൂപമാണ് ഇവിടുത്തെ സീലില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
മണിയോര്‍ഡര്‍, മൊബൈല്‍ റീചാര്‍ജിംഗ്, സ്പീഡ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്. മണ്ഡലകാലമായാല്‍ ഭക്തരുടെയും ജോലിക്കാരുടെയും ഉറ്റ മിത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസ്. ഒരു ദിവസം 50 പേരോളം മണിയോര്‍ഡര്‍ സംവിധാനം ഉപയോഗപ്പെടുത്താറുണ്ടെന്ന് സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. മൊബൈല്‍ റീചാര്‍ജിംഗിനാണ് ആവശ്യക്കാര്‍ കൂടുതല്‍. എല്ലാ മൊബൈല്‍ കമ്പനികളുടെ റീ ചാര്‍ജും ഓണ്‍ലൈനായി ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം കുറഞ്ഞത് 5000 രൂപയുടെ മൊബൈല്‍ റീചാര്‍ജിംഗ് നടക്കാറുണ്ടെന്ന് പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. ഗംഗോത്രിയില്‍ നിന്നുള്ള ഗംഗാജലവും ഗംഗയില്‍ നിന്നുള്ള ജലവും ഇവിടെ ലഭിക്കും. ഗംഗാജലം 200 എംഎല്ലിന് 14 രൂപയും 500 എംഎല്ലിന് 22 രൂപയുമാണ്. ഗംഗോത്രിയില്‍ നിന്നുള്ള ജലത്തിന് 200 എംഎല്ലിന് 25 രൂപയും 250 എംഎല്ലിന് 30 രൂപയുമാണ്.
പോസ്റ്റ് മാസ്റ്ററെ കൂടാതെ രണ്ട് പോസ്റ്റ്മാന്‍ /എംടിഎസ് തസ്തികയിലുള്ള ഡി.അരുണ്‍, യു.ഉമേഷ് എന്നിവരും ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്. ഈ മണ്ഡലകാലം കഴിയും വരെ 689713 എന്ന പിന്‍ കോഡോടു കൂടിയ അയ്യപ്പ സ്വാമിയുടെ സ്വന്തം പേരിലുള്ള പോസ്റ്റ് ഓഫീസ് സാന്നിധാനത്ത് പ്രവര്‍ത്തിക്കും. പോലീസും, ഫയര്‍ ഫോഴ്സും അടക്കം ശബരിമലയില്‍ ഡ്യൂട്ടിയുള്ള മിക്ക ഉദ്യോഗസ്ഥരുടെയും ഒഫീഷ്യല്‍ ഓര്‍ഡറുകള്‍ ഉള്‍പ്പടെയുള്ള രേഖകളും പോസ്റ്റ് ഓഫീസ് വഴിയാണ് എത്താറുള്ളതെന്ന് പോസ്റ്റ്മാസ്റ്റര്‍ പറഞ്ഞു.