പത്തനംതിട്ട : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശബരിമല സന്നിധാനത്തുള്ള പില്‍ഗ്രിം സര്‍വീസ് ശാഖ പ്രവര്‍ത്തനം തുടങ്ങി. ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരും ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ എം. മനോജും ചേര്‍ന്ന് ഭദ്ര ദീപം തെളിച്ച് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്ടറിന്റെ പ്രവര്‍ത്തന ഉദ്ഘാടനം റീജിയണല്‍ മാനേജര്‍ സി. ഉമേഷ് നിര്‍വഹിച്ചു. സന്നിധാനത്ത് വരുന്ന അയ്യപ്പഭക്തര്‍ക്കും ജീവനക്കാര്‍ക്കും, ദേവസ്വം കരാര്‍ ഉദ്യോഗസ്ഥര്‍ക്കും, വ്യാപാര സ്ഥാപനങ്ങള്‍ക്കും എസ്ബിഐയുടെ പില്‍ഗ്രിം സര്‍വീസ് ശാഖയുടെ സേവനങ്ങള്‍ ലഭ്യമാണ്.
പണം നിക്ഷേപിക്കുക, പിന്‍വലിക്കുക തുടങ്ങിയ ഇടപാടുകള്‍, നെഫ്റ്റ് /ആര്‍ടിജിഎസ്, പെന്‍ഷന്‍ ആവശ്യങ്ങള്‍ക്ക് ഉള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, എസ്ബിഐ യോനോ രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇതിന് പുറമെ പമ്പയിലും സന്നിധാനത്തുമായി രണ്ട് എടിഎം സൗകര്യവുമുണ്ട്. ആകെ ഏഴ് ജീവനക്കാരാണ് സന്നിധാനത്തെ പില്‍ഗ്രിം സര്‍വീസ് ശാഖയില്‍ പ്രവര്‍ത്തിക്കുന്നത്.
പത്തനംതിട്ട എസ്ബിഐ റീജിയണല്‍ മാനേജര്‍ സി.ഉമേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പില്‍ഗ്രിം സര്‍വീസ് ശാഖയുടെ ഏകോപന ചുമതല ഓഫീസര്‍ ഇന്‍ ചാര്‍ജ് ഹരികൃഷ്ണനാണ്. ഉദ്ഘാടന ചടങ്ങില്‍ ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ സിറിയക് തോമസ്, ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍ ജയകൃഷ്ണന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.കെ പ്രേമചന്ദ്രന്‍, സ്റ്റാഫ് യൂണിയന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ആര്‍.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.