ശബരിമല : ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ശേഖരം ഇല്ല. അപ്പം, അരവണ തുടങ്ങിയവ ആവശ്യത്തിന് മാത്രം നിര്‍മിക്കും. മുന്‍വര്‍ഷങ്ങളില്‍ 25 ലക്ഷം ടിന്‍ ആരവണയും 10 ലക്ഷം കവര്‍ അപ്പവും നട തുറക്കും മുന്‍പേ തയാറാക്കി കരുതല്‍ ശേഖരമായി സൂക്ഷിക്കുമായിരുന്നു. സാധാരണ ദിവസങ്ങളില്‍ ആയിരം, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 എന്ന കണക്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ കരുതല്‍ ശേഖരം വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ആവശ്യത്തിനനുസരിച്ച് മാത്രമാകും ഇത്തവണ ഇവ തയാറാക്കുക. നടതുറക്കുന്നതിനു തലേദിവസമായ 14 ന് അരവണയും 15ന് ഉണ്ണിയപ്പവും തയാറാക്കും. അതേസമയം വഴിപാട് പ്രസാദം സ്പീഡ് പോസ്റ്റ് വഴി വീടുകളില്‍ എത്തിക്കുന്ന പദ്ധതി തപാല്‍ വകുപ്പ് തുടങ്ങി. അരവണ, വിഭൂതി, ആടിയ ശിഷ്ടം നെയ്യ്, മഞ്ഞള്‍, കുങ്കുമം, അര്‍ച്ചന പ്രസാദം എന്നിവ അടങ്ങിയ കിറ്റിന് 450 രൂപയാണ് വില. എല്ലാ പോസ്റ്റോഫീസുകളിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 15 നു നട തുറക്കുമെങ്കിലും 16 മുതലാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതിയുള്ളത്.