റാന്നി: ശബരിമല മണ്ഡല മഹോത്സവ കാലത്തിന് മുന്നോടിയായി ജില്ലയിലെ കിഴക്കന്‍മേഖലയില്‍ വ്യാജ മദ്യ വേട്ട എക്സൈസ് ശക്തമാക്കി. ഇന്നലെ വടശേരിക്കരയിൽ റാന്നി എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 13 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി ഒരു വനിതയെ അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഹുസൈൻ അഹമ്മദും പാർട്ടിയും ചേർന്ന് വടശേരിക്കര ചെറുകുളഞ്ഞി മറ്റക്കാട്ട് വീട്ടിൽ മറിയാമ്മ രാജു (67)വിനെ ആണ് അറസ്റ്റ് ചെയ്തത്. 13 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി വീട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. വീട്ടില്‍ ഭർത്താവ് രാജുവും ചേർന്നാണ് ഇവർ ചാരായ വാറ്റ് നടത്തി വന്നിരുന്നത്.
ഭര്‍ത്താവ് എക്സൈസ് പാർട്ടിയെ തിരിച്ചറിഞ്ഞ് കടന്നു കളഞ്ഞു. രാജുവിനായി അന്വേഷണം ആരംഭിച്ചു. ശബരിമല തീർത്ഥാടന കാലത്ത് വ്യാജ മദ്യ നിർമാണം തടയുന്നതിനായി സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് എൻഫോഴ്സ്മെൻ്റ് ഷാഡോ വിഭാഗത്തെ നിയോഗിച്ചതായി സർക്കിൾ ഇൻസ്പെക്ടർ പി.എ സഹദുള്ള അറിയിച്ചു. കൂടാതെ വ്യാജ മദ്യത്തിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന പ്രവർത്തനവും എക്സൈസിന് വിവരങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിന് തക്കവണ്ണം പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന ബോധവൽക്കരണ പരിപാടികളും ശബരിമല തീർത്ഥാടന കാലത്ത് നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിതിൻ ശ്രീകുമാർ, പ്രദീപ് കുമാർ,
വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജിജി ബാബു എന്നിവർ പങ്കെടുത്തു.