പത്തനംതിട്ട : ശബരിമല ഭക്തജനത്തിരക്ക് വർദ്ധിച്ചതായുള്ള പരാതികൾ വ്യാപകമായ പശ്ചാത്തലത്തിൽ സർവീസുകൾ പുതുക്കിയും ക്രമീകരിച്ചും കെഎസ്ആർടിസി. നിലക്കൽ നിന്നും പമ്പയിൽ നിന്നും ബസുകൾ കൃത്യമായി സർവീസ് നടത്താൻ കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞിരുന്നില്ല ഇതിന് വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. ബസുകൾ പിടിച്ചിടുന്നതും തടയുന്നതും പോലീസ് എന്നായിരുന്നു അധികൃതരും ജീവനക്കാരും പറയുന്നത്. തിരക്ക് അൽപ്പം ഒഴിഞ്ഞതോടെ സമയ ക്രമവും സൗകര്യങ്ങളുമായി കെഎസ്ആർടിസി വീണ്ടും സജീവമാകുകയാണ്.
കെഎസ്ആർടിസി ഏർപ്പെടുത്തിയ ബസ് സർവീസ് ക്രമീകരണങ്ങൾ അനുസരിച്ചു പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിൻ സർവീസുകൾ നടത്തും. ചെയിൻ സർവീസുകളിലേക്കുള്ള ടിക്കറ്റുകൾ ബസ്സിൽ തന്നെ ലഭിക്കും. ചെയിൻ സർവീസുകളെല്ലാം ത്രിവേണി ജംഗ്ഷനില്‍ നിന്ന് ആണ് സർവീസ് ആരംഭിക്കുക. പമ്പ ബസ് സ്റ്റേഷനിൽ നിന്നു ദീർഘദൂര ബസ്സുകൾ മാത്രമാണ് സർവീസ് നടത്തുക. പമ്പ ബസ് സ്റ്റേഷനിൽ നിന്നും ചെങ്ങന്നൂർ, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസുകൾ ആവശ്യാനുസരണം നടത്തും. അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് ബസ്സുകളും ക്രമീകരിക്കും. ഒട്ടേറെ ഭക്തർ ഉണ്ടെങ്കിൽ ഗ്രൂപ്പ് ടിക്കറ്റ്, ഓൺ ലൈൻ ടിക്കറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടായിരിക്കും. പമ്പ – ത്രിവേണി, യു ടേൺ എന്നിവിടങ്ങളിൽ നിന്ന് പമ്പ ബസ് സ്റ്റേഷനിലേക്ക് ഭക്തർക്കായി സൗജന്യ സർവീസ് നടത്തുമെന്നും കെഎസ്ആർടിസി പറയുന്നു.
നിലയ്ക്കൽ നിന്നു പമ്പയിലേക്ക് ചെയിൻ സർവീസുകൾ ആവശ്യാനുസരണം നടത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിലയ്ക്കലിലെ ത്രിവേണി ജംഗ്ഷനില്‍ നിന്നും നിലയ്ക്കൽ ബസ് സ്റ്റേഷനിലേക്കുള്ള റോഡ് കെഎസ്ആർടിസി വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി. സ്വകാര്യ വാഹനങ്ങൾക്ക് ഈ റോഡിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. നേരത്തെ മണ്ഡല മകര വിളക്ക് സീസൺ ആരംഭിക്കും മുൻപേ ക്രമീകരണങ്ങൾ എല്ലാം പൂർത്തിയാക്കി എന്ന് കെഎസ്ആർടിസി അവകാശപ്പെട്ടിരുന്നെങ്കിലും തിരക്ക് വർധിച്ചതോടെ യാത്രാ സൗകര്യങ്ങൾ പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു. അൻപത് പേർക്ക് കയറാവുന്ന ബസ്സിൽ അതിന്റെ മൂന്നും നാലും ഇരട്ടി വരെ യാത്രക്കാരെ കയറ്റിയാണ് സർവീസ് നടത്തിയിരുന്നത്. ര