കാസർകോട്: മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേർന്നാണ് ശബരിമലയെ തകർക്കാൻ ശ്രമിച്ചതെന്നും ഇപ്പോൾ ദേവഗണങ്ങൾ കൂടെയുണ്ടെന്നു പറഞ്ഞാൽ വോട്ടർമാർ കേൾക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സർക്കാർ വക ആംബുലൻസിൽ പോലീസ് അകമ്പടിയോടെയാണ് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചത്.
തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് ഇപ്പോഴുള്ള മലക്കം മറിച്ചിൽ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന കൃത്യമായ സന്ദേശമാണ്. വോട്ടെടുപ്പു ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സംബന്ധിച്ച് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ ദൗർബല്യമാണ് കാണിക്കുന്നത്. ഇരട്ടച്ചങ്കൻ ദുർബലനാണ് എന്നതിന്റെ തെളിവാണ് ഇന്നത്തെ മലക്കംമറിച്ചിൽ.
ശബരിമലയിൽ നടത്തിയ നീചമായ പ്രവൃത്തികൾക്ക് വോട്ടർമാർ മറുപടി നൽകും. കോൺഗ്രസ് ഗാലറിയിലിരുന്നു കളി കണ്ടവർ മാത്രമാണ്. ഉമ്മൻചാണ്ടിയും എ.കെ.ആന്റണിയും അന്ന് മൗനം പാലിച്ചവരാണ്. അതിനാൽ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി മാറും. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം മികച്ച പോളിങ്ങാണ്. ഇതു ബിജെപിക്ക് ശുഭലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.