ശബരിമല : മണ്ഡല, മകരവിളക്ക് തീർഥാടന കാലത്ത് കോവിഡ് കാരണം ശബരിമലയിൽ ദർശനത്തിന് എത്താൻ കഴിയാത്ത ഭക്തർക്ക് വഴിപാട് പ്രസാദങ്ങൾ തപാലിൽ എത്തിക്കാൻ ദേവസ്വം ബോർഡും തപാൽ വകുപ്പും ചേർന്ന് പുതിയ പദ്ധതി തയാറാക്കി. ഇന്ത്യയിൽ എവിടെയും ഭക്തർക്കും തൊട്ടടുത്ത തപാൽ ഓഫിസ് വഴി പ്രസാദം ബുക്ക് ചെയ്യാം. പണം അടച്ചാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രസാദം തപാലിൽ വീട്ടിൽ കിട്ടും. അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞൾ, കുങ്കുമ പ്രസാദം എന്നിവയാണ് പായ്ക്കറ്റിൽ ഉണ്ടാകുക. വില നിശ്ചയിച്ചിട്ടില്ല ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി എന്നിവർ പോസ്റ്റ്മാസ്റ്റർ ജനറലുമായി ചർച്ച നടത്തി.
ചീഫ് സെക്രട്ടറി തലത്തിൽ എടുത്ത തീരുമാനം അനുസരിച്ച് സാധാരണ ദിവസങ്ങളിൽ 1000 തീര്‍ഥാടകര്‍ക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 പേര്‍ക്കും, തീർഥാടനത്തിന്റെ പ്രധാന ദിവസങ്ങളിൽ 5000 പേർക്കും എന്ന കണക്കിലായിരിക്കും പ്രവേശനം അനുവദിക്കുക. നല്ലൊരു ഭാഗം തീർഥാടകർക്കും ഇപ്രാവശ്യം ശബരിമലയില്‍ എത്താൻ കഴിയില്ല. അതിനാലാണ് ഭക്തർക്ക് തപാലിൽ പ്രസാദം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്.