ശബരിമല : ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് യഥാസമയം വിവരങ്ങള്‍ കൈമാറാന്‍ ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നും പ്രധാനമായും വിവിധ ഭാഷകളില്‍ മൈക്ക് അനൗണ്‍സ്മെന്റിലൂടെ ഭക്തര്‍ക്ക് വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കി വരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി ഭക്തരില്‍ എത്തിക്കുകയാണ് ദേവസ്വം പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളുടെ പ്രധാന ദൗത്യം. ശബരിമല ക്ഷേത്രത്തിലെ പൂജാ സമയങ്ങള്‍, പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍, എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ ഭക്തര്‍ അറിയേണ്ട കാര്യങ്ങള്‍ എല്ലാം യഥാസമയം ഉച്ചഭാഷിണിയിലൂടെ അറിയിക്കുന്നത് ഇവിടെ നിന്നാണ്. തീര്‍ഥാടകര്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോള്‍ എന്തൊക്കെ, കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍, കോവിഡ് സര്‍ട്ടിഫിക്കറ്റ്, ഭക്തര്‍ക്ക് അറിയേണ്ട ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ തുടങ്ങിയവയും കൈമാറുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലാണ് ഉച്ചഭാഷണിയിലൂടെ വിവരങ്ങള്‍ നല്‍കുന്നത്.
കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുമ്പുള്ള തീര്‍ഥാടനകാലങ്ങളില്‍ കൂട്ടം തെറ്റുന്ന ഭക്തരെ കണ്ടെത്തുന്നതിനും, കളഞ്ഞു പോയ സാധനങ്ങള്‍ കണ്ടെത്തുന്നതിനും കളഞ്ഞുകിട്ടിയ സാധനങ്ങള്‍ ഉടമകളില്‍ എത്തിക്കുന്നതിന് ഉള്‍പ്പെടെ വിവരങ്ങള്‍ വിവിധ ഭാഷകളിലായി ഉച്ചഭാഷണിയിലൂടെ നല്‍കുന്നതായിരുന്നു പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളുടെ പ്രധാന ദൗത്യം. നിലവില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി ഒന്‍പത് വരെ ഉച്ചഭാഷിണിയിലൂടെ അനൗണ്‍സ്മെന്റ് നടത്തുന്നുണ്ട്. വര്‍ഷങ്ങളായി ശബരിമല സന്നിധാനത്തെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ അനൗണ്‍മെന്റ് നടത്തുന്ന കര്‍ണാടക സ്വദേശി ശ്രീനിവാസ് സ്വാമി ഈ വര്‍ഷവും സേവനത്തിലുണ്ട്. കോവിഡിന് ഫലപ്രദമായ ചികില്‍സ കണ്ടെത്തി പഴയ നിലയിലേക്ക് എത്താന്‍ ശബരീശന്റെ അനുഗ്രഹം ഉണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി ശ്രീനിവാസ് സ്വാമി പറഞ്ഞു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളുടെ നിയന്ത്രണവും ഏകോപനവും ദേവസ്വം ബോര്‍ഡ് പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ സുനില്‍ അരുമാനൂരാണ് നിര്‍വഹിക്കുന്നത്. ഇതിനു പുറമേ ശബരിമലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും കൈമാറുന്നുണ്ട്. ശബരിമല കലിയുഗവരദ സന്നിധാനം എന്ന ഫെയിസ്ബുക്ക് പേജിലൂടെ ഭക്തര്‍ക്ക് വിവരങ്ങളും ചിത്രങ്ങളും കൈമാറുന്നതായും സുനില്‍ അരുമാനൂര്‍ പറഞ്ഞു.