ശബരിമല : ശബരിമലയിൽ കടകൾ മറിച്ച് വിറ്റ് ലക്ഷങ്ങൾ തട്ടുന്നതായ പരാതിയിൽ ദേവസ്വം വിജിലൻസും പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. സംഭവം വാർത്തയായതോടെ ഇന്നലെ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.
ശബരിമലയിൽ കട നൽകാമെന്ന് വാഗ്ദാനം നൽകി മുൻകൂർ ലക്ഷങ്ങൾ തട്ടി എന്ന പരാതിയിലാണ് അന്വേഷണം. വ്യാപാരിയായ മണിയൻ പിള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമഗ്ര അന്വേഷണം ആരംഭിച്ചത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കടകൾ കുറഞ്ഞതുകക്ക് എടുത്ത ശേഷം വൻതുകക്ക് മറിച്ച് നൽകുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. എന്നാൽ ആദ്യമായാണ് ഈ സംഘത്തിനെതിരെ രേഖാമൂലം പരാതി ലഭിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സംഘത്തിന്റെ ശബരിമലയിലെ പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക ഏർപ്പാടുകളെക്കുറിച്ചും കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ അയ്യപ്പൻ കുട്ടിക്കും അദ്ദേഹത്തിന്റെ ബിനാമിയായി അറിയപ്പെടുന്ന മുഹമ്മദ് സുനീറിനുമെതിരെയാണ് അന്വേഷണം.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കർശന നിയന്ത്രണമാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് കാരണം കടകൾ വളരെ കുറഞ്ഞ തുകക്കാണ് ലേലത്തിൽ എടുക്കാൻ വ്യാപാരികൾ തയ്യാറായത്. തീർത്ഥാടനം സംബന്ധിച്ച് അവ്യക്തത നിലനിന്നതിനാൽ ആദ്യ ഘട്ടത്തിൽ ലേലത്തിൽ പങ്കെടുക്കാൻ പോലും വ്യാപാരികൾ തയ്യാറായില്ല. എന്നാൽ തീർത്ഥാടകരുടെ എണ്ണം നിജപ്പെടുത്തി സർക്കാർ ഉത്തരവ് ഇറക്കുകയും തുടർന്ന് ദേവസ്വം ബോർഡിന്റെ അഭ്യർത്ഥനയും മാനിച്ചാണ് സ്ഥിരം കച്ചവടക്കാരായ ചിലർ ചെറിയ തുകക്ക് കടകൾ ലേലത്തിലെടുത്തത്. എന്നാൽ ബോർഡ് നൽകിയ ഈ ഇളവ് മറയാക്കിയാണ് ചിലർ തട്ടിപ്പ് ആരംഭിച്ചത്.
മാളികപ്പുറം ഫ്ലൈ ഓവറിന് താഴെയായുള്ള കടമുറിയാണ് ദേവസ്വം തുകയുടെ അഞ്ചിരട്ടി തുകക്ക് മറിച്ച് നൽകിയത്. ഒരു ലക്ഷത്തി അൻപതിനായിരം രൂപക്ക് ലേലത്തിലെടുത്ത കട ആറ് ലക്ഷം രൂപക്കാണ് മൂന്ന് പേർക്കായി മറിച്ച് നൽകിയത്. രണ്ട് ഷട്ടർ മുറിയും ഒരു ഗോഡൗൺ മുറിയും ഉൾപ്പെടുന്നതാണ് കുത്തകയിൽപ്പെട്ട കടമുറി. കഴിഞ്ഞ തവണ 50 ലക്ഷത്തിലധികം രൂപയ്ക്കാണ് ഈ കടമുറി ലേലത്തിൽ പോയത്. മുൻവർഷങ്ങളിലെ തുകയുടെ പത്ത് ശതമാനം കൂട്ടിയാണ് ഓരോ വർഷവും ലേലം ആരംഭിക്കുന്നത് .എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി വിവിധ കാരണങ്ങളാൽ വ്യാപാരികൾക്കുണ്ടായ കനത്ത നഷ്ടം കണക്കിലെടുത്താണ് ഇത്തവണ ലേല നടപടികളിൽ ഇളവ് നൽകിയത്.
മണിയൻ പിള്ള എന്ന വ്യാപാരിക്ക് കുത്തകയിൽ സൂചിപ്പിച്ചിരിക്കുന്ന കടമുറി ലേലത്തിൽ എടുത്ത് നൽകാമെന്ന് പ്രലോഭിപ്പിച്ച് മുൻകൂട്ടി രണ്ട് ലക്ഷം രൂപ സുനീർ വാങ്ങുകയും പിന്നീട് അയ്യപ്പൻ കുട്ടി എന്ന ബിജെപി നേതാവിന്റെ പേരിൽ ലേലം കൊള്ളുകയുമായിരുന്നു. ലേലം ഉറപ്പിച്ച ശേഷം മണിയൻ പിള്ളക്ക് ഒരു കടമുറി മാത്രം നൽകുകയും മറ്റ് രണ്ടെണ്ണം മറിച്ച് വിൽക്കുകയുമാണ് സംഘം ചെയ്തത്. വ്യാപാരിയെ പറഞ്ഞ് പറ്റിച്ചതിനൊപ്പം ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ കടമുറി മറിച്ച് വിറ്റതിനും നിയമ നടപടിയുണ്ടാകുമെന്നാണ് സൂചന. തന്നെ കബളിപ്പിച്ചതായി കാണിച്ച് അയ്യപ്പൻകുട്ടിക്കും ബിനാമിയായ സുനീറിനുമെതിരെ മണിയൻ പിള്ള ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കും പോലീസിനും പരാതി നൽകിയിരുന്നു.
മാത്രമല്ല തനിക്ക് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലേലം കൊണ്ട കട മറ്റ് രണ്ട് പേർക്ക് മറിച്ച് വിറ്റതായും പരാതിയിൽ സൂചിപ്പിച്ചിരുന്നു. മൂന്ന് ഷട്ടർ മുറികളുള്ളതിൽ ഓരോന്നിനും രണ്ട് ലക്ഷം രൂപ വീതം വാങ്ങിയാണ് ലേലം കൊണ്ടയാൾ മറിച്ച് വിറ്റത്. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായത്. അയ്യപ്പൻ കുട്ടിയും സുനീറും വിശ്വാസ വഞ്ചനയും സാമ്പത്തിക തട്ടിപ്പും നടത്തി എന്ന് കാട്ടിയാണ് പരാതി. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റുകൂടിയായ അയ്യപ്പൻ കുട്ടി ശബരിമലയിൽ നിരവധി ബിനാമി ബിസിനസ് നടത്തുന്നുണ്ടെന്നും ആരോപണമുണ്ട്. മാത്രമല്ല വ്യാപാരികൾക്ക് മുഹമ്മദ് സുനീർ എന്ന ഇടനിലക്കാരൻ മുഖാന്തിരം വൻതുക അനധികൃതമായി പലിശക്ക് നൽകുന്നതായും ആരോപണമുണ്ട്.