പത്തനംതിട്ട: കൊറോണ വൈറസ് വ്യാപന സാഹചര്യം നിലനില്‍ക്കെ ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചു. ഉത്സവം മാറ്റിവെയ്ക്കണമെന്നാണ് തന്ത്രിയുടെ നിലപാട്. ഇക്കാര്യവും തന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കത്തു നല്‍കിയിരിക്കുന്നത്. ശബരിമല നട മാസപൂജയ്ക്കായി തുറക്കാനും തുടര്‍ന്ന് ഉത്സവം നടത്താനുമായിരുന്നു തീരുമാനം. എന്നാല്‍ ഇത് മാറ്റിവെക്കണമെന്നാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ മാസപൂജയ്ക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണം. ഉത്സവ ചടങ്ങുകള്‍ ഒഴിവാക്കണം. ഉത്സവചടങ്ങുകള്‍ ആരംഭിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായി വരും. എന്നതിനാല്‍ തന്നെ ഉത്സവ ചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ഇതിന് പുറമേ രോഗവ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുക്കണമെന്നും കത്തില്‍ പറയുന്നു. ജൂണ്‍ എട്ടു മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ക്ഷേത്രങ്ങള്‍ തുറക്കരുതെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വഹിന്ദു പരിഷത്തും ആവശ്യപ്പെട്ടിരുന്നു.