തിരുവനന്തപുരം : ശബരിമല നട തുറക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച പ്രത്യേക യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ക്ഷേത്രങ്ങള്‍ തുറന്നേ തീരൂവെന്ന് സര്‍ക്കാരിന് യാതൊരു തരത്തിലുമുള്ള വാശിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭക്തരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നുള്ളതാണ് പ്രധാനമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ച വാര്‍ത്തയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ദേവസ്വം ബോര്‍ഡ് ഭാരവാഹികളെയും ശബരിമല തന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ യോഗം വിളിച്ചത്. ഉത്സവം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് തന്ത്രിയില്‍ നിന്നും കത്തൊന്നും ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചതായി മന്ത്രി വിശദമാക്കി. ശബരിമല വിഷയത്തില്‍ വ്യക്തത വരുത്തുന്നതിനായി നാളെ ദേവസ്വം ബോര്‍ഡ് അധികൃതരുമായും തന്ത്രിമാരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും തന്ത്രിമാരുടെ അഭിപ്രായത്തെ കൂടി മാനിച്ചുകൊണ്ടുളള തീരുമാനം ഇക്കാര്യത്തിലെടുക്കുമെന്നും മന്ത്രി അറിയിച്ചു.
തന്ത്രി ദേവസ്വം ബോര്‍ഡിന് ഏതെങ്കിലും തരത്തിലുളള ഒരു കത്തയച്ചതായി അവര്‍ പറയുന്നില്ല. ഈ സാഹചര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായംകൂടി അറിയേണ്ടതുണ്ട്. അതുകൊണ്ട് നാളെത്തന്നെ ദേവസ്വം ബോര്‍ഡിനെയും തന്ത്രിമാരെയും കൂടിയാലോചനക്ക് വേണ്ടി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് ശേഷം തന്ത്രിമാരുടെ അഭിപ്രായത്തെ കൂടി മാനിച്ചുകൊണ്ടുളള തീരുമാനം ഇക്കാര്യത്തിലെടുക്കുമെന്നും മന്ത്രി പറഞ്ഞു.