ശബരിമല : തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി ശബരിമലയിൽ തെർമൽ സ്‌കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്. കൊവിഡ് സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല മണ്ഡല മകര വിളക്ക് തീർത്ഥാടനം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തരുടെയും സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും സുരക്ഷയെ മുൻനിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് തെർമൽ സ്‌കാൻ സംവിധാനം ഏർപ്പെടുത്തി.
തെർമൽ സ്‌കാനിൽ ഒരാളുടെ താപനില കൂടുതലായി രേഖപ്പെടുത്തിയാൽ ഉടൻതന്നെ ആശുപത്രിയിൽ നിരീക്ഷണത്തിനു വിധേയരാവണം. വലിയ നടപ്പന്തൽ, സന്നിധാനം, ഉദ്യോഗസ്ഥർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഗേറ്റ്, പോലീസ് മെസ്, ദേവസ്വം മെസ് തുടങ്ങിയ സ്ഥലങ്ങളിൽ തെർമൽ സ്‌കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഭക്തരുമായി കൂടുതൽ സമ്പർക്കം വരാൻ സാധ്യതയുള്ള സ്ഥലങ്ങളായ പതിനെട്ടാം പടി, വഴിപാട് കൗണ്ടറുകൾ, സന്നിധാനം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ഉപകരണങ്ങളും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ദർശനത്തിനെത്തുന്ന ഭക്തരിലും ഡ്യൂട്ടിയിലുള്ള പോലീസുകാരിലും ജീവനക്കാരിലും കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.