ശബരിമല : ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള വാവരു നട മതസൗഹാര്‍ദത്തിന്റെ പ്രതീകം. അയ്യപ്പ സ്വാമിയുടെ ഉറ്റ ചങ്ങാതിയായ വാവരു സ്വാമിയുടെ നടയിലും ദര്‍ശനം നടത്തിയാണ് ഭക്തര്‍ മലയിറങ്ങുന്നത്. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത കൂട്ടായ്മയാണ് വാവരുനട പ്രദാനം ചെയ്യുന്നത്. എരുമേലി ക്ഷേത്രത്തിലും വാവരുപള്ളിയിലും ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലേയ്ക്ക് എത്തുക. ജാതിമത വര്‍ണ വ്യത്യാസമില്ലാതെ ആര്‍ക്കും ദര്‍ശനം നടത്താവുന്ന ശബരിമല നാനാത്വത്തില്‍ ഏകത്വവും വിശ്വമാനവികതയും ഉയര്‍ത്തിപ്പിടിക്കുകയാണ്.
പത്തനംതിട്ട മല്ലപ്പള്ളി വായ്പ്പൂര് വെട്ടിപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുനടയില്‍ മുഖ്യകാര്‍മികനായി എത്തുന്നത്. വി.എസ്. അബ്ദുല്‍ റഷീദ് മുസലിയാരാണ് ഇപ്പോഴുള്ള മുഖ്യ കാര്‍മികന്‍. എട്ട് കുടുംബങ്ങളിലുള്ളവര്‍ യോഗം കൂടി പ്രായവും പൂര്‍ണസമ്മതവും നോക്കിയ ശേഷമാണ് മുഖ്യകാര്‍മികനെ തിരഞ്ഞെടുക്കുക. വാവരുടെ ഊര് എന്നത് ലോപിച്ചാണ് വായ്പ്പൂര് ആയതെന്നും ഐതീഹ്യമുണ്ട്. അയ്യപ്പ ദര്‍ശനത്തിനെത്തുന്നവര്‍ വാവരു സ്വാമിയെയും കണ്ട് വണങ്ങി അനുഗ്രഹം വാങ്ങുന്നു. വി.എസ്. അബ്ദുല്‍ റഷീദ് മുസലിയാര്‍ പ്രായാധിക്യമുള്ളതിനാലും കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരവും ഇത്തവണ ശബരിമലയില്‍ എത്തിയില്ല.
പരികര്‍മികളായ സിയാദ്, നജീബ്, റിയാസ്, നാസിം, ആഷര്‍, ഈസ എന്നിവര്‍ക്കാണ് ഇത്തവണ വാവരു നടയുടെ ചുമതല. വാവരുടെ ഉടവാള്‍ വാവരുനടയില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ഇടതുഭാഗത്താണ് കാര്‍മികന്‍ ഇരുന്ന് പ്രസാദം നല്‍കുന്നത്. ഭസ്മം, ചരട് എന്നിവ ഇവിടെ നിന്നും ഭക്തര്‍ക്ക് നല്‍കുന്നു. കുരുമുളക്, സുഗന്ധദ്രവ്യങ്ങള്‍, അരി എന്നിവ കാണിക്കയായി ഭക്തര്‍ നല്‍കി വരുന്നു. അരി, ചുക്ക്, ജീരകം, ഏലയ്ക്ക എന്നിവ പൊടിച്ചുണ്ടാക്കിയതാണ് വാവരുനടയിലെ പ്രധാന പ്രസാദം. മധുരവും കയ്പ്പും എരിവും ചേര്‍ന്നതാണ് ഈ പ്രസാദം. ലോകത്തിനാകെ മാതൃകയാണ് തത്ത്വമസി സന്ദേശമരുളുന്ന ശബരിമലയും അതോടു ചേര്‍ന്നുള്ള വാവരുനടയും.