ശബരിമല : ഇന്ത്യയിലെ മതമൈത്രിയുടെ ഉദാഹരണമാണ് പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് സ്വാമിനട. സന്നിധാനത്തെത്തുന്ന ഭക്തര്‍ അയ്യനെ കാണാന്‍ പതിനെട്ടാംപടി ചവിട്ടുന്നത് വാവര് സ്വാമി നടയില്‍ വണങ്ങിയ ശേഷമാണ്. അയ്യപ്പ സ്വാമിയുടെ അംഗ രക്ഷകനും ഉറ്റ ചങ്ങാതിയുമായിരുന്നു വാവര്‍. മതസൗഹാര്‍ദത്തിന്റെ ഏറ്റവും വലിയ പ്രതീകം തന്നെയാണ്. അയ്യപ്പന്റെയും വാവരുടെയും ചരിത്രപരമായ സൗഹൃദമെന്ന് വാവരുനടയിലെ മുഖ്യകാര്‍മികനും വാവരുടെ പിന്‍തലമുറക്കാരനുമായ വി എസ് അബ്ദുള്‍ റഷീദ് മുസലിയാര്‍ പറഞ്ഞു.
വരുന്ന കാലം മുന്നില്‍ കണ്ട് ഒരുമിച്ച് കൂടിയവരാണ് അയ്യപ്പനും വാവരും. പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമുട്ടുകയും ചങ്ങാതിമാരായി മാറുകയും ചെയ്തു. പിന്നീട് തന്റെ ദൗത്യ നിര്‍വഹണത്തിന് അയ്യപ്പന്‍ വാവരെ കൂടെ കൂട്ടിയെന്നും ഒടുവില്‍ സന്നിധാനത്തിന് സമീപം വാവരെയും കുടിയിരുത്തി എന്നാണ് ഐതീഹ്യമെന്നും അബ്ദുല്‍ റഷിദ് മുസലിയാര്‍ പറഞ്ഞു.
വാവര്‍ വൈദ്യനും ജ്യോതിഷിയും ആയിരുന്നു. വാവര്സ്വാമി നടയില്‍ വണങ്ങുന്ന ഭക്തര്‍ക്ക് നല്‍കുന്നത് അരി, ജീരകം, ചുക്ക്, കുരുമുളക്, ഏലക്ക എന്നീ പഞ്ചകക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ പ്രസാദമാണ്. ഇതു ഭക്തന്റെ ജലദോഷം, പനി തുടങ്ങിയ ശാരീരിക അസ്വസ്ഥകള്‍ക്കുള്ള മരുന്ന് കൂടിയാണ്. കൂടാതെ ഭക്തര്‍ കാണിക്കയായി നടയില്‍ സമര്‍പ്പിക്കുന്ന കുരുമുളകില്‍ അല്പം എടുത്ത ശേഷം ബാക്കി ഭാഗം പ്രാര്‍ഥിച്ച് തിരികെ നല്‍കുകയും ചെയ്യുന്നു. വാവരുടെ ഉടവാള്‍ സൂക്ഷിച്ചിരിക്കുന്നതിന് ഇടതു ഭാഗത്തായിട്ടാണ് കര്‍മിയിരുന്ന് ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നത്. പഞ്ചകകൂട്ട് കൂടാതെ ഭസ്മവും ചരടും ഇവിടെ നിന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കാറുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വായ്പ്പൂര്‍ വെട്ടപ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ന്ന അംഗമാണ് വാവരുടെ പ്രതിനിധിയും മുഖകാര്‍മികനുമായി വാവര് നടയില്‍ എത്തുക. വാവരുടെ ഊര് എന്നത് ലോപിച്ചാണ് വായ്പ്പൂര് ആയത് എന്നും ഐതീഹ്യമുണ്ട്.
മകര വിളക്ക് കാലത്തെ വാവര് നടയിലെ വരവ് ഇന്നലെ (19.01.2020) തിട്ടപ്പെടുത്തി. 3,16,278 രൂപയാണ് ആകെ നടവരവ്. മണ്ഡലകാലത്ത് 7,00,593 രൂപയായിരുന്നു വരവ്. ഇതില്‍ നാലില്‍ ഒരു ഭാഗംമാത്രമാണ് ദേവസ്വത്തിന് അവകാശപ്പെട്ടത്. വാവരുടെ പ്രാതിനിധ്യമുള്ള മല്ലപ്പള്ളി വെട്ടപ്ലാലാക്ക് കുടുംബത്തിലെ വി എസ് അബ് ദുല്‍ റഷീദ് മുസലിയാരാണ് കാരണവര്‍. ഏഴ് അംഗങ്ങളാണ് ശബരിമലയില്‍ കര്‍മാദി കാര്യങ്ങള്‍ക്ക് ചുമതല.