ശബരിമല : മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് പൂങ്കാവനത്തെ ശുചിത്വ പൂര്‍ണമാക്കി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധിസേനാംഗങ്ങള്‍ കര്‍മനിരതരാണ്. ശുചീകരണത്തിനായി 225 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേയ്സ്‌ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. അഖില ഭാരത അയ്യപ്പസേവാ സംഘം തമിഴ്നാട് യൂണിറ്റാണ് വിശുദ്ധിസേനാംഗങ്ങളെ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് ലഭ്യമാക്കിയിരിക്കുന്നത്. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ചെയര്‍മാനായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറി അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാറാണ്.
സന്നിധാനം 100, പമ്പ 50, നിലയ്ക്കല്‍ ബേയ്സ് ക്യാമ്പ് 50, പന്തളം 20, കുളനട അഞ്ച്, എന്നിങ്ങനെയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്ക് ഒഴികെയുള്ള മാലിന്യങ്ങള്‍ തരംതിരിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഇന്‍സിനറേറ്ററില്‍ എത്തിച്ച് സംസ്‌ക്കരിക്കുന്നു. സന്നിധാനത്തെയും പമ്പയിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പമ്പയിലെത്തിച്ച് ശുചിത്വ മിഷന്‍ വഴി സംസ്‌ക്കരണത്തിനായി നല്‍കുന്നു.
വിശുദ്ധിസേനാംഗങ്ങളുടെ സേവനം 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു വിശുദ്ധിസേനാംഗത്തിന് ഒരു ദിവസം എട്ട് മണിക്കൂറാണ് ജോലിസമയം. വിശുദ്ധിസേനാംഗങ്ങള്‍ക്ക് യൂണിഫോം, മാസ്‌ക്ക്, സാനിറ്റൈസര്‍, കൈയുറ, പായ, പുതപ്പ്, സോപ്പ്, വെളിച്ചെണ്ണ, ഭക്ഷണ സൗകര്യം, താമസ സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കിയിട്ടുണ്ട്.
ശുചീകരണത്തിനായി വിശുദ്ധിസേനാംഗങ്ങള്‍ക്ക് ചൂല്, കോരി ഉള്‍പ്പെടെ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് സേവനത്തിനായി എത്തിയ കോവിഡ് പശ്ചാത്തലത്തില്‍ വിശുദ്ധിസേനാംഗങ്ങളെ വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ക്വാറൈന്റെന്‍ കേന്ദ്രത്തില്‍ ഏഴ് ദിവസം നിരീക്ഷത്തില്‍ പാര്‍പ്പിച്ചിരുന്നു. നവംബര്‍ ഏഴു മുതല്‍ 14 വരെയാണ് വിശുദ്ധിസേനാംഗങ്ങള്‍ നിരീക്ഷണത്തിലിരുന്നത്. ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് റിസള്‍ട്ട് ഉറപ്പാക്കിയതിന് ശേഷമാണ് വിവിധ ഇടങ്ങളില്‍ സേവനത്തിന് നിയോഗിച്ചത്.