തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ കെ.എസ് ശബരിനാഥന്റെ അറസ്റ്റിന് പിന്നാലെ വലിയതുറ പോലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പോലീസുമായി വലിയ രീതിയില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ശബരിനാഥനെ ഉടന്‍തന്നെ ജില്ലാ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ശബരിനാഥന്റെ അറസ്റ്റിനെതിരേ ഷാഫി പറമ്പില്‍ രംഗത്തെത്തി. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരുവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ പ്രതിഷേധങ്ങളെ തടയിടാന്‍ ശ്രമിക്കുന്ന ഏകാധിപതിയായി പിണറായി മാറിയിരിക്കുന്നുവെന്ന് ഷാഫി വിമര്‍ശിച്ചു. പോലീസ് സിപിഎമ്മിന്റെ പോഷക സംഘടനയാണോയെന്ന് ചോദിച്ച ഷാഫി ഇനി മുതല്‍ ഡിജിപി സ്ഥാനത്തും മറ്റ് ഉന്നത സ്ഥാനത്തും പാര്‍ട്ടിക്കാരെയും ഡിവൈഎഫ്‌ഐ നേതാക്കളെയും വച്ചാല്‍ മതിയെന്നും പരിഹസിച്ചു.