കൊച്ചി : യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം – അങ്കമാലി അതിരൂപത പ്രസിദ്ധീകരണം. കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി, യുഡിഎഫ്-വെല്‍ഫയല്‍ പാര്‍ട്ടി ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടപ്പെട്ടുവെന്ന് ആളുകള്‍ക്ക് തോന്നി തുടങ്ങി തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തോല്‍വിക്ക് കാരണം ചൂണ്ടിക്കാട്ടിയാണ് സഭാ പ്രസിദ്ധീകരണത്തിന്‍റെ വിമര്‍ശനം. ജോസ് കെ.മാണി വന്നതുകൊണ്ടല്ല ഇടതുമുന്നണിക്ക് മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാനായത്. യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായി എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായത് ഇടതുമുന്നണിക്ക് നേട്ടമായി. ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസ് കെ.മാണിയുടെ നിലപാട് മൂലമാണെന്ന് എല്‍ഡിഎഫ് പോലും കരുതുന്നില്ലെന്നും പ്രസിദ്ധീകരണം പറയുന്നു
പി.കെ.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂര്‍ണമാകുമെന്ന നിരീക്ഷണം പ്രധാനപ്പെട്ടതാണ്. ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതോടെ കേരളത്തിലെ ബിജെപിയുടെ മതേതര മമത കാപട്യമാണെന്ന് തെളിഞ്ഞു. സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ സിപിഎമ്മിനായി. ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യകിറ്റ്, കോവിഡ് പ്രതിരോധം തുടങ്ങിയ കാര്യങ്ങളിലൂടെ ജനങ്ങള്‍ക്ക് ഒപ്പമുള്ള സര്‍ക്കാരാണെന്ന് ഇതെന്ന് തെളിയിക്കാന്‍ എല്‍ഡിഎഫിനായി. എന്നാല്‍ യുഡിഎഫാകട്ടെ പ്രചരണമടക്കം മാധ്യമങ്ങള്‍ക്ക് വിട്ടുനല്‍കി മാറി നില്‍ക്കുകയാണ് ചെയ്തത്. വികസനത്തിന്റെ കുത്തക രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം അല്ലെന്ന് 20-20 മാതൃകകള്‍ തെളിയിക്കുന്നു എന്നീ കാര്യങ്ങളും പ്രസിദ്ധീകരണത്തില്‍ പറയുന്നു.