കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യോഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ആര്‍ക്കാണ് പിന്തുണ നല്‍കുകയെന്ന് യോഗത്തില്‍ ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും മാധ്യമങ്ങളെ അതിനുശേഷം കാണുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ട്വന്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഭയന്നോടുകയാണെന്നാണ് ഇടതുമുന്നണിയിലെ എം.എല്‍.എ ശ്രീനിജന്‍ അഭിപ്രായപ്പെട്ടത്. ഇടതുമുന്നണി ഇടപെട്ട് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവരെ തടയണം. തെരഞ്ഞെടുപ്പ് ഫലം തുടര്‍ ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയായിരിക്കും. സില്‍വന്‍ലൈന്‍ ഉള്‍പ്പടെയുള്ള വികസന കാഴ്ച്ചപ്പാടുകളും വിലയിരുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആരുടേയും വോട്ട് തൃക്കാക്കരയില്‍ വേണ്ടെന്ന് പറയില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇടത് പക്ഷത്തിന് ഒപ്പം വികസനത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് നില്‍ക്കാം. ട്വന്റി ട്വന്റി തൃക്കാക്കരയില്‍ രാഷ്ട്രീയ നിലപാട് പറയട്ടെയെന്നും ഇ.പി ജയരാജന്‍ അഭിപ്രായപ്പെട്ടു. പിണറായി സര്‍ക്കാര്‍ രാജ്യത്തെ മികച്ച ബദല്‍ മാതൃക ആണെന്നും എഎപി – ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.