ജയ്‍പൂര്‍: രാജസ്ഥാൻ സർക്കാരിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ച ഉപവാസസമരം ഇന്ന്. മുൻ ബി.ജെ.പി സർക്കാര്‍ നടത്തിയ അഴിമതികൾ അന്വേഷിക്കാത്തതിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹം. സച്ചിന്‍റെ നീക്കത്തില്‍ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെയാണ് സർക്കാരിനെതിരെ സച്ചിൻ പൈലറ്റിന്‍റെ നീക്കം. വസുന്ധര രാജെ നയിച്ച മുൻ ബി.ജെ.പി സർക്കാരിന്‍റെ അഴിമതികൾ അശോക് ഗെഹ്ലോട്ട് സർക്കാർ അന്വേഷിക്കുന്നില്ലെന്നാണ് ആരോപണം.
രാവിലെ ജയ്പൂരിലാണ് ഉപവാസസമരം നിശ്ചയിച്ചിരിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്ന എം.എൽ.എമാരോട് സമരത്തിൽ എത്തേണ്ടതില്ലെന്ന് സച്ചിൻ നിർദേശിച്ചിട്ടുണ്ട്. രാജസ്ഥാനിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സച്ചിന്റെ ശ്രമമെന്ന് അശോക് ഗെഹ്ലോട്ട് പക്ഷം ആരോപിക്കുന്നു. സച്ചിന്റെ നീക്കത്തിനെതിരെ കടുത്ത അതൃപ്തിയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളത്.
ഭാരത് ജോഡോ യാത്ര നൽകിയ സന്ദേശം, കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം എന്നിവയ്ക്ക് തുരങ്കംവയ്ക്കുന്നതാണ് സച്ചിന്റെ നിലപാടെന്ന് ദേശീയ നേതൃത്വം വിലയിരുത്തുന്നു. ഭൂരിപക്ഷം ദേശീയ നേതാക്കളും ഇതിനകം അശോക് ഗെഹ്ലോട്ടിന് പിന്തുണയുമായി രംഗത്തുവന്നുകഴിഞ്ഞു.പ്രശ്‌നപരിഹാരത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി സുഖ്ജീന്ദർ സിങ് രൺദാവെയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചുമതലപ്പെടുത്തി. രൺദാവെ നേതാക്കളുമായി ആശയവിനിമയം നടത്തും. 2018ൽ രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ആരംഭിച്ച ഗെഹ്ലോട്ട്-സച്ചിൻ പോരാട്ടമാണ് നാലു വർഷങ്ങൾക്ക് ഇപ്പുറവും പരിഹാരം കാണാതെ തുടരുന്നത്.