ലഖ്നോ: ഉത്തര്‍പ്രദേശ് മഥുരയിലെ ആശ്രമത്തില്‍ ദുരൂഹസാഹചര്യത്തില്‍ രണ്ടു സന്യാസിമാര്‍ മരിച്ച നിലയില്‍. ഒരു സന്യാസിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുലാബ് സിങ്, ശ്യാം സുന്ദര്‍ എന്നിവരാണ് മരിച്ചത്. രാം ബാബു എന്ന സന്യാസിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോറന്‍സിക് സംഘം ആശ്രമത്തിലെത്തി നടത്തിയ പരിശോധനയില്‍ ചായ കുടിച്ചതിന് ശേഷമാണ് രണ്ടു സന്യാസിമാരും മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. 60 കാരനായ ഗുലാബ് സിങ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ജില്ല ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് 61കാരനായ ശ്യാം സുന്ദര്‍ മരിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഥുര എസ്.എസ്.പി ഗൗരവ് ഗ്രോവര്‍ പറഞ്ഞു. ആശ്രമത്തിനകത്തുവെച്ച് വിഷം ഉള്ളില്‍ ചെന്നാണ് രണ്ടു സന്യാസിമാരും മരിച്ചതെന്ന് സന്യാസിമാരില്‍ ഒരാളുടെ സഹോദരനായ ഗോപാല്‍ ദാസ് ആരോപിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുവെന്ന് ജില്ല ഓഫീസര്‍ സര്‍വാഗ്യ രാം മിശ്ര പറഞ്ഞു.