ലക്‌നൗ: സംസ്ഥാനത്ത് എവിടെ എങ്കിലും സ്ത്രീകൾക്കെതിരെ ആക്രമണമുണ്ടായാൽ അടുത്ത വളവിൽ അവരെ കാത്തിരിക്കുന്നത് യമരാജൻ ആയിരിക്കുമെന്ന മുന്നറിയിപ്പുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുരക്ഷയും, സദ്ഭരണവുമാണ് നല്ലൊരു ഭരണസംവിധാനത്തിൽ ആദ്യം വേണ്ടത്. നിയമം പരസ്യമായി ലംഘിച്ച ഗുണ്ടാസംഘങ്ങളെ ബുൾഡോസറിനാൽ ഒതുക്കിയെന്നും യോഗി ആദിത്യനാഥ് പറയുന്നു. ഗാസിപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംസ്ഥാനത്തെ സ്ത്രീകളുടേയും പെൺകുട്ടികളുടേയും ബിസിനസുകാരുടേയും സുരക്ഷയിൽ ആർക്കും ഒഴിഞ്ഞു മാറാനാകില്ല. ഇവർക്ക് നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ തൊട്ടടുത്ത വളവിൽ അവരെ കാത്തിരിക്കുന്നത് യമരാജനായിരിക്കും.
കോൺഗ്രസും സമാജ്‌വാദ് പാർട്ടിയും രാജ്യത്തിന്റെ മാനത്തിന് വിലയിട്ടവരാണ്. അവർ തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു. താലിബാൻ ഭരണം നടപ്പിലാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. പെൺകുട്ടികളുടേയും ബിസിനസുകാരുടേയും സുരക്ഷ അവര്‍ അപകടത്തിലാക്കി. മാഫിയാ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടമായിരുന്നു എല്ലായിടത്തും. ഭയത്തിന്റെ അന്തരീക്ഷമായിരുന്നു എല്ലായിടത്തും. എന്നാൽ ഇന്ന് ആ സാഹചര്യങ്ങൾ എല്ലാം മാറി. ജനങ്ങൾ സുരക്ഷിതമായ ജീവിതത്തിന്റെ സുഖം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.