കൊച്ചി : ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പീഡന കേസുമായി ബന്ധപ്പെട്ട് ഉടമ റോയി വയലാട്ടിന്റെ സുഹൃത്ത് സൈജു തങ്കച്ചനെ പോലീസ് ചോദ്യം ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കേസിലെ മറ്റൊരു പ്രതിയായ അഞ്ജലി എന്ന യുവതിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. എന്നാല്‍ തനിക്കെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ അഞ്ജലി രംഗത്തെത്തിയിരിന്നു. സ്വന്തം മകളെ വെച്ച് ആ സ്ത്രീ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് നേരത്തെ പറഞ്ഞുവെന്ന് അഞ്ജലി ആരോപിക്കുന്നു.
അഞ്ജലിയുടെ വാക്കുകള്‍: ”ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. സത്യം തെളിയും. പരാതി നല്‍കിയ സ്ത്രീയും കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാന്‍ എന്റെ ജീവിതം വെച്ച് കളിക്കുകയാണ്. രാഷ്ട്രീയപ്രമുഖരടക്കം ഇവരുടെ വലയില്‍ പെട്ടിട്ടുണ്ട്. ഇത് ഞാന്‍ തുറന്ന് പറയുമെന്ന പേടി കൊണ്ടാണ് എനിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ അവര്‍ ഉയര്‍ത്തിയത്. കാശ് കൊടുത്തിട്ട് അവര്‍ എനിക്കെതിരെ കേസ് കൊടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് അറിഞ്ഞ് കൊണ്ടാണ് ഇത്രയും നാളും ഞാനും പിടിച്ച് നിന്നത്. ആത്മഹത്യ ചെയ്യാത്തത് നിരപരാധിത്വം തെളിയിക്കാനാണ്. ചെയ്യാത്ത കാര്യങ്ങളാണ് ഇവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. സത്യം പുറത്തുവരും. ഒരു പെണ്ണിനും ഈ ഗതി വരാന്‍ പാടില്ല. നിരപരാധിത്വം തെളിയിക്കാന്‍ ഏത് അറ്റം വരെയും ഞാന്‍ പോകും.
”18 വര്‍ഷം കൊണ്ട് നേടിയതെല്ലാം അവര്‍ ഒറ്റ നിമിഷം കൊണ്ടാണ് തകര്‍ത്തത്. ബിസിനസ് നടത്തിപ്പിന് വേണ്ടിയാണ് ആ സ്ത്രീയുടെ കൈയില്‍ നിന്ന് വട്ടി പലിശയ്ക്ക് ഞാന്‍ പണം വാങ്ങിയത്. എന്റെ ഓഫീസിലെ ഒരു പെണ്‍കുട്ടിയെങ്കിലും പറയട്ടേ അഞ്ജലി അങ്ങനെ എങ്ങോട്ടെങ്കിലും കൊണ്ട് പോയിട്ടുണ്ടെന്ന്. സ്വന്തം മകളെ വെച്ച് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്റെ ജീവിതം നശിപ്പിച്ച എല്ലാവരുടെയും യഥാര്‍ത്ഥ മുഖം ഞാന്‍ പുറത്തുകൊണ്ടുവരും. ഇതുപോലെ ഒരാളുടെയും ജീവിതം നശിക്കാന്‍ പാടില്ല.”-അഞ്ജലി പറഞ്ഞു. റോയ് ജെ. വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ റോയി പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് പരാതി.