കൊച്ചി : മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് ആയ അഞ്ജന ഷാജന്‍, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഇവര്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചനെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘം തുടരുന്നു. സൈജു തങ്കച്ചന്‍ പിന്തുടര്‍ന്ന ഔഡി കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടത്തു.
കാക്കനാട് നിന്നാണ് കാറ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തവരെക്കുറിച്ച് സൈജുവില്‍ നിന്നും പോലിസിന് വിവരം ലഭിച്ചതായാണ് അറിയുന്നത്. ഇവരെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യും. സംസ്ഥാനത്തിന് പുറത്തും ഡിജെ പാര്‍ട്ടികളില്‍ സൈജു പങ്കെടുക്കാറുണ്ടായിരുന്നതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈജുവിന്റെ വാട്‌സ് ആപ്പ് ചാറ്റില്‍ നിന്നും നിര്‍ണായകമായ പല വിവരങ്ങളും പോലിസിന് ലഭിച്ചതായാണ് അറിയുന്നത്.
സൈജുവിന്റെ ഫോണില്‍ നിന്നും ലഭിച്ച ഫോട്ടോകള്‍ സംബന്ധിച്ചും പോലിസ് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സൈജുവിനെ മുന്നു ദിവസത്തേക്കാണ് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ദുരുദ്ദേശത്തോടെ സ്ത്രീകളെ പിന്തുടര്‍ന്നു എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്.