ചെങ്ങന്നൂര്‍: സ്വന്തം റെക്കോര്‍ഡ് തന്നെ മറികടന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ചെങ്ങന്നൂരില്‍ നിന്ന് സജി ചെറിയാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 31,984 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സജി ചെറിയാന്റെ തേരോട്ടം. വമ്പന്‍ ഭൂരിപക്ഷത്തിലെത്തിയ സജി ചെറിയാന്‍ ഇത്തവണ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രി പദത്തില്‍ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സ്വന്തം ഭൂരിപക്ഷമായ 20,956 ആണ് സജി ചെറിയാന്‍ തകര്‍ത്തത്. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന അഡ്വ.കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് നടത്തിയ നിയമസഭ ഉപതെരഞ്ഞെടുപ്പിലാണ് സജി ചെറിയാന്‍ ആദ്യമായി നിയമസഭയില്‍ എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കെയാണ് 2018ല്‍ സജി ചെറിയാനെ മത്സരിപ്പിക്കുന്നത്. അന്ന് എംഎല്‍എ ആയിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ സജി ചെറിയാനെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍.
സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളും സജി ചെറിയാന്‍ വഹിച്ചിട്ടുണ്ട്.