തിരുവനന്തപുരം : വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി മന്ത്രി സജി ചെറിയാന്‍. മല്ലപ്പളളിയിലെ പ്രസംഗത്തില്‍ സംഭവിച്ചത് നാക്ക്പിഴയാണെന്നും വിമര്‍ശിക്കാന്‍ ശ്രമിച്ചത് ഭരണകൂടത്തെയാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, നാവ് പിഴ സംഭവിച്ച് അത് ഭരണഘടനയായിമാറിയെന്നും സജി ചെറിയാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നല്‍കിയ വിശദീകരണം. ഇതേ നിലപാട് ആയിരുന്നു ഇന്നലെ മന്ത്രി നിയമസഭയിലും സ്വീകരിച്ചത്. പ്രസംഗിച്ചതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഇന്നലെ പറയാതെ പറഞ്ഞ സജി ചെറിയാന്‍ തന്റെ വാക്ക് ആരേലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദവും ദുഃഖവും രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.
വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ എത്തുമ്പോള്‍ ഒന്നും പ്രതികരിക്കാതെ കയറിപ്പോയ സജി ചെറിയാന്‍ തിരിച്ചിറങ്ങുമ്പോള്‍ പ്രതികരിച്ചത് എന്തിന് രാജി, പറയാനുളളതൊക്കെ ഇന്നലെ പറഞ്ഞു എന്നായിരുന്നു. കോടതിയില്‍ വിഷയം എത്താത്ത സാഹചര്യത്തില്‍ രാജി തല്‍കാലം വേണ്ടെന്നാണ് സി.പി.എം യോഗത്തിന്റെ തീരുമാനമെന്നാണ് സൂചന.