തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഈടാക്കാനായി ക്ഷാമബത്ത മരവിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് ഇന്നത്തെ മന്ത്രി സഭായോഗത്തില്‍ ചര്‍ച്ച വരുമെന്നാണ് സൂചന. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനമാണ് ജീവനക്കാരുടെ ക്ഷാമബത്ത. ഇത് അഞ്ച് മാസത്തേക്ക് മരവിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. സാലറി ചലഞ്ചില്‍ സ്വമേധയാ പങ്കെടുക്കുക എന്ന അഭ്യര്‍ഥന വെച്ചാല്‍ എല്ലാ ജീവനക്കാരും സഹകരിക്കില്ല എന്നതിനാലാണ് ക്ഷാമബത്ത മരവിപ്പിക്കുന്നതിലേക്ക് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പ്രളയ കാലത്ത് 40 ശതമാനം പേര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തില്ലെന്നാണ് കണക്ക്. കോവിഡ് 19നെ തുടര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തിക്കുന്നതിനായി സാലറി ചലഞ്ചിന്റെ ഭാഗമാവാന്‍ ആരേയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അഞ്ച് മാസത്തെ ക്ഷാമബത്ത മരവിപ്പിച്ചാല്‍ ഒരുമാസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമാവും. സാലറി ചലഞ്ച് ഗഡുക്കളായി സ്വീകരിച്ചാല്‍ ഒരു മാസത്തെ ശമ്പളം മുഴുവന്‍ നല്‍കേണ്ടി വരും. അതിനാല്‍ ക്ഷാമബത്ത മരവിപ്പിക്കുന്നതിനോട് ജീവനക്കാര്‍ അനുകൂലമായി പ്രതികരിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.