തിരുവനന്തപുരം: മുഖ്യമന്ത്രി കൊറോണ രോഗ പ്രതിരോധത്തിനായി പ്രഖ്യാപിച്ച സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ക്ക് സാലറി കട്ട് പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നു. മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുന്നതിനാണ് ആലോചിക്കുന്നത്. നിലവില്‍ മഹാരാഷ്ട്രയും തെലങ്കാനയുംസാലറി കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സാലറി ചലെഞ്ചിന്‍റെ ഭാഗമായി ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക് അത് ഗഡുക്കളായി നല്‍കുന്നതിനും അനുവദിക്കും. അതിനും തയ്യാറാകാത്തവരുടെ ശമ്പളം വെട്ടികുറയ്ക്കുന്നതിനാണ് ആലോചന. പൊതുമേഖലയിലും സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സാലറി ചലഞ്ച് ബാധകമാണ്.
നേരത്തെ 2018 ല്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ സാലറി ചലഞ്ചിലൂടെ 1500 കോടി രൂപ ലഭിക്കുകയും ചെയ്തു. 40 ശതമാനം ജീവനക്കാര്‍ സാലറി ചലഞ്ചിനോട് സഹകരിച്ചതുമില്ല. അതേസമയം സാലറി ചലഞ്ചുമായി ജീവനക്കാരുടെ സംഘടനകള്‍ സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. പ്രതിപക്ഷ സംഘടനകള്‍ പോലും ഗഡുക്കള്‍ ആയി നല്‍കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
സാലറി കട്ട് പ്രഖ്യാപിക്കുകയാണെങ്കില്‍ ഏപ്രില്‍, മേയ് മാസത്തെ ശമ്പളം 50 ശതമാനം വെട്ടികുറയ്ക്കാന്‍ ആണ് ആലോചന. എല്ലാവരും മൊത്തം ശമ്പളം
നല്‍കുകയാണെങ്കില്‍ മൂവായിരം കോടിയിലധികം രൂപ സര്‍ക്കാരിന് ലഭിക്കും. നിയമ വശങ്ങള്‍ കൂടി കണക്കിലെടുത്ത് മന്ത്രിസഭായോഗം ചര്‍ച്ചചെയ്ത് തീരുമാനം
എടുത്ത ശേഷമാകും സാലറി കട്ട് പ്രഖ്യാപിക്കുക. സാലറി ചലഞ്ചിന്‍റെ കാര്യത്തിലും മന്ത്രിസഭയില്‍ ചര്‍ച്ചചെയ്ത ശേഷമാകും ഉത്തരവിറക്കുക.