ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിമാസ വേതനം അവികസിത രാജ്യങ്ങളായ പാകിസ്താൻ, നൈജീരിയ എന്നീ രാജ്യങ്ങളെക്കാൾ താഴെയാണെന്ന് ആഗോള റിപ്പോർട്ട്. വെലോസിറ്റി ഗ്ലോബൽ 2024 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോർട്ട് ഉയർത്തിക്കാണിച്ച് ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തുവന്നു.
ലോകത്ത് വേതനം കുറവുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയാണ് അദ്ദേഹം പങ്കുവെച്ചത്. ഇതിൽ ഇന്ത്യ ഏറെ പിറകിലാണ്. ഇന്ത്യയിൽ കുറഞ്ഞ പ്രതിമാസ വേതനം 45 ഡോളറാണ്. അതായത് ഏകദേശം 3760.61 രൂപ. അതേസമയം, നൈജീരിയയിൽ 76 ഡോളറും (6351.25 രൂപ) പാകിസ്താനിൽ 114 ഡോളറും (9526.88 രൂപ) ആണ്. 28 ഡോളർ പ്രതിമാസ വേതനമുള്ള ശ്രീലങ്കയും കിർഗിസ്ഥാനും മാത്രമാണ് ഇന്ത്യക്ക് പിന്നിൽ പട്ടികയിലുള്ള മറ്റു രാജ്യങ്ങൾ.
ഇന്ത്യയിലെ വേതനം പാകിസ്താൻ, നൈജീരിയ എന്നീ രാജ്യങ്ങളേക്കാൾ കുറവാണെന്നും ഇത് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ വളരെ താഴ്ന്ന ജീവിത നിലവാരത്തിലേക്ക് നയിക്കുന്നതാണെന്നും പവൻ ഖേര പറഞ്ഞു. ജി.ഡി.പി വളർച്ചയുടെ പേര് പറഞ്ഞ് ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയാക്കുമെന്ന സ്വപ്നമാണ് പ്രധാനമന്ത്രി മോദി വിൽക്കുന്നത്. എന്നാൽ, കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണെന്ന് പവൻ ഖേര വ്യക്തമാക്കി. രാജ്യത്ത് തൊഴിലില്ലായ്മ വർധിക്കുന്നതിനെതിരെയും ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് ആഞ്ഞടിക്കുന്നുണ്ട്. തുഗ്ലക് പരിഷ്കാരമായ നോട്ടുനിരോധനം, തിടുക്കപ്പെട്ട് നടപ്പാക്കിയ ജി.എസ്.ടി, ചൈനയിൽനിന്നുള്ള ഇറക്കുമതിയുടെ വർധനവ് എന്നിവയിലൂടെ മോദി സർക്കാർ രാജ്യത്ത് തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷമാക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇത്തരം നടപടികൾ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ചെറുകിട വ്യവസായങ്ങളെ തകർത്തായി അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവജനങ്ങൾക്ക് ജോലി നൽകാൻ അടുത്ത പത്ത് വർഷത്തേക്ക് പ്രതിവർഷം 1.2 കോടി ജോലികൾ സൃഷ്ടിക്കണമെന്ന റിപ്പോർട്ടും അദ്ദേഹം പങ്കുവെച്ചു.