തിരുവനന്തപുരം : ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്‌ആര്‍ടിസി സിഎംഡി വിളിച്ച ചര്‍ച്ച ബഹിഷ്‌കരിച്ച് തൊഴിലാളി യൂണിയനുകള്‍. സിഐടിയു, ഐന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ പ്രതിനിധികളാണ് ബിജു പ്രഭാകര്‍ വിളിച്ച യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ശമ്പള വിതരണത്തിലെ കാലതാമസം ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. കഴിഞ്ഞ മാസം ജീവനക്കാര്‍ക്ക് ശമ്പളം വൈകിയാണ് നല്‍കിയത്. ഈ മാസം എപ്പോള്‍ നല്‍കാനാകുമെന്ന ഉറപ്പ് പറയാന്‍ ഇതുവരെ മാനേജ്‌മെന്റിന് ആയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു യോഗം.
സര്‍ക്കാരില്‍ നിന്ന് പണം വാങ്ങി വന്നാല്‍ ശമ്പളം നല്‍കാമെന്നാണ് സിഎംഡി പറയുന്നതെന്ന് സിഐടിയു നേതാക്കള്‍ ആരോപിച്ചു. സിഎംഡിക്ക് ധിക്കാരമാണ്. ഇങ്ങനെ ഒരാളെ ഈ സ്ഥാനത്ത് വെച്ച് കൊണ്ടിരിക്കണോയെന്ന് സര്‍ക്കാര്‍ ആലോചിക്കണം. ടിക്കറ്റ് മെഷീന്‍ വാങ്ങിയതില്‍ വന്‍ അഴിമതി ഉണ്ടായിട്ടുണ്ടെന്ന ആരോപണം സിഐടിയും ആവര്‍ത്തിച്ചു. നിലവാരമില്ലാത്ത യന്ത്രങ്ങള്‍ വന്‍ കമ്മീഷന്‍ കൈപ്പറ്റി വാങ്ങുകയായിരുന്നുവെന്നും നേതാക്കള്‍ ആരോപിച്ചു. പിടിപ്പുകെട്ട മാനേജ്‌മെന്റാണ് കെഎസ്‌ആര്‍ടിസിയുടേതെന്നും നേതാക്കള്‍ ആരോപിച്ചു.
193 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടും അതില്‍ നിന്ന് 78 കോടി രൂപ ശമ്പളത്തിന് നീക്കിവവെയ്ക്കാനാകാത്തത് കോര്‍പ്പറേഷന്റെ പിടിപ്പുകേടാണെന്ന് ബിഎംഎസ് ആരോപിച്ചു. ആദ്യം ജോലി ചെയ്തതിന്റെ ശമ്പളം നല്‍കണം. അത് കഴിഞ്ഞ് മതി ചര്‍ച്ചയെന്നും സിഎംഡി വിളിച്ച യോഗം ബഹിഷ്‌കരിച്ച ശേഷം ബിഎംഎസ് നേതാക്കള്‍ വ്യക്തമാക്കി. പ്രതിഷേധിക്കാതെ സമരം ചെയ്യാതെ മറ്റ് മാര്‍ഗങ്ങളില്ല. എന്നാലും മിന്നല്‍ പണിമുടക്കിനില്ല. മറ്റ് സംഘടനകളുമായി യോജിച്ച് സമരത്തിനുള്ള സാധ്യത തേടുമെന്നും ബിഎംഎസ് വ്യക്തമാക്കി. സിഎംഡി ഓഫീസിന് മുന്നില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങുമെന്ന് ഐഎന്‍ടിയുസി വ്യക്തമാക്കി. ശമ്പളം മാനേജ്‌മെന്റ് മനഃപൂര്‍വം വൈകിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.