തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും മുന്‍കാലങ്ങളിലേതുപോലെ പ്രത്യേക കമ്മിഷന്‍ രൂപവത്കരിക്കാന്‍ സാധ്യതയില്ല. ശമ്പളവര്‍ധന നടപ്പാക്കാന്‍ ധനകാര്യവകുപ്പിനുകീഴില്‍ സെക്രട്ടറിതലസമിതി രൂപവത്കരിക്കാനാണ് നീക്കം. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രായോഗികസാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള പരിഷ്‌കാരം നടപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ 10 മാസമേയുള്ളൂ. ക്ഷാമബത്ത അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിച്ചും അതിനൊപ്പം നിശ്ചിത ആനുകൂല്യംകൂടി ഉള്‍പ്പെടുത്തിയുമുള്ള പരിഷ്‌കാരമാണ് പരിഗണനയില്‍.
2019 ജൂലായ് മുതല്‍ 2024 ജൂലായ് വരെയുള്ള കണക്കില്‍ 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയുണ്ട്. 15 ശതമാനം നിലവിലുള്ള ഡിഎയും കുടിശ്ശികയും അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിച്ചാല്‍ ജീവനക്കാര്‍ക്ക് മോശമല്ലാത്ത വര്‍ധനയുണ്ടാകും. ശുപാര്‍ശ തയ്യാറാക്കുമ്പോഴേക്കും ജനുവരിയിലെ ഡിഎ കൂടി പരിഗണിക്കേണ്ടിവരും. ഇതിനുപുറമേ, ഫിറ്റ്നസ് അലവന്‍സും മറ്റും കൂട്ടി ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന തരത്തിലാകും പരിഷ്‌കാരം. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ആദ്യം ശമ്പളവര്‍ധന നടപ്പാക്കിയശേഷം, സര്‍വീസിലെ മറ്റുവശങ്ങള്‍ പഠിക്കാന്‍ മറ്റൊരുസമിതി രൂപവത്കരിക്കാനാണ് സാധ്യത.