കൊച്ചി : പക്വത വരുന്നത് വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി കൊടുക്കരുതെന്ന് മാതാപിതാക്കളോട് നടന്‍ സലീംകുമാര്‍. മകന്‍ ബൈക്കിന് വേണ്ടി നിര്‍ബന്ധം പിടിച്ചപ്പോള്‍ താന്‍ അത് അനുവദിച്ച് കൊടുത്തില്ലെന്നും ചില യുവാക്കള്‍ അമിതവേഗത്തില്‍ ബൈക്കില്‍ പോയി അപകടത്തില്‍പ്പെടുന്നത് പലതവണ താന്‍ കണ്ടിട്ടുണ്ടെന്നും സലീംകുമാര്‍ പറഞ്ഞു.
രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചും അഭിമുഖത്തില്‍ സലീംകുമാര്‍ മനസ് തുറന്നു. സലീംകുമാര്‍ ഇല്ലാത്തത് കൊണ്ട് ഒരു സുഖവുമില്ല എന്ന് നിയമസഭ പറയുന്ന സമയത്ത് താന്‍ ഉറപ്പായും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ നല്ല അറിവു വേണം. അവിടെ ബഫൂണായി ഇരിക്കാന്‍ താല്‍പര്യമില്ല. സിനിമാ നടന്‍ എന്നത് എംഎല്‍എ ആകാനുളള യോഗ്യതയല്ലെന്നും സലീംകുമാര്‍ പറഞ്ഞു.
ലിവര്‍ സീറോസിസ് തനിക്ക് പാരമ്പര്യമായി കിട്ടിയ രോഗമാണെന്നും സലീംകുമാര്‍ പറഞ്ഞു. ചിലര്‍ പറയും, അത് അമിതമദ്യപാനം കൊണ്ട് സംഭവിച്ചതാണെന്ന്. സമയത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും കാരണമാണ്. എന്റെ സഹോദരനും ഇതേ അസുഖമുണ്ട്. ഒരു ചായ പോലും കുടിക്കാത്തയാളാണ് അദ്ദേഹമെന്നും സലീംകുമാര്‍ പറഞ്ഞു.
കരള്‍ മാറ്റി വെയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തീയേറ്ററിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ചിരിച്ച് സംസാരിച്ച് നടന്നുപോയയാളാണ് താന്‍. അസുഖം വന്നാല്‍ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്. പേടിക്കാന്‍ തീരുമാനിച്ചാല്‍ ഒരോ ദിവസവും അത് നമ്മളെ പേടിപ്പിച്ചുകൊണ്ടിരിക്കും. ചിലര്‍ രോഗം ഭേദമായി വരുന്നത് കാണുമ്പോള്‍ മാധ്യമങ്ങള്‍ അതിന് മരണത്തെ തോല്‍പ്പിച്ചയാള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ആര്‍ക്കാണ് മരണത്തെ തോല്‍പ്പിക്കാന്‍ സാധിക്കുന്നത്. ഏത് സമയത്തും മനുഷ്യന്‍ മരിക്കാമെന്നും സലീംകുമാര്‍ പറഞ്ഞു.