എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ സാല്‍വേഷന്‍ ആര്‍മി പള്ളി – പൊയ്യാലുമാലില്‍പ്പടി റോഡിന്റെയും മടയ്ക്കല്‍ – മണ്ണാരുപറമ്പില്‍ റോഡിന്റെയും ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു. തോമസ് കെ തോമസ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, പൊതുപ്രവര്‍ത്തകന്‍ സൗഹൃദ വേദി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, പി.വി തോമസ്‌ക്കുട്ടി, മനോജ് മണക്കളം, പി.ഡി സുരേഷ്, വിന്‍സന്‍ പൊയ്യാ ലുമാലില്‍, വര്‍ഗ്ഗീസ് വാഴക്കൂട്ടത്തില്‍, എബി കെ.കെ, ഉണ്ണികൃഷ്ണന്‍ പുത്തന്‍പറമ്പില്‍, എം.കെ ഗോപി മറ്റത്തില്‍, പി.കെ ശുഭാനന്ദന്‍, സുമേഷ് കെ എന്നിവര്‍ റോഡിന്റെ അവസ്ഥ വിശദീകരിച്ചു. ഇതേതുടര്‍ന്ന് അടിയന്തിരമായി റോഡ് മണ്ണിട്ട് ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് തോമസ് കെ.തോമസ് എംഎല്‍എ നല്കി.
50-ലധികം കുടുംബങ്ങള്‍ ഈ റോഡുകളുടെ ഇരുവശത്തായി താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത ശരീരം തളര്‍ന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉള്‍പ്പെടെ കിടപ്പു രോഗികളുടെ ഭവനങ്ങളും ഇവര്‍ സന്ദര്‍ശിച്ചു. വെള്ളപ്പൊക്കമുണ്ടായാല്‍ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിര്‍മ്മിച്ച പാരേത്തോട് വട്ടടി റോഡില്‍ പോലും എത്താന്‍ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെടുകയാണ്. കഴിഞ്ഞ ദിവസം ഈ വഴിയില്‍ കുഴഞ്ഞ് വീണ കര്‍ഷക തൊഴിലാളിയായ തലവടി കൊച്ചുപുരയ്ക്കല്‍ രാജു ദാമോദരനെ (55) ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്നു മരണപ്പെട്ടു. ആംബുലന്‍സ് എത്തിയെങ്കിലും നാട്ടുകാര്‍ സ്‌ട്രെച്ചറില്‍ 700 മീറ്റര്‍ കിടത്തിയാണ് ആംബുലന്‍സില്‍ രോഗിയെ എത്തിച്ചത്. കൂടാതെ ഈ റോഡില്‍ വഴിവിളക്കുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. മഴക്കാലത്ത് സൈക്കിളില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശം പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. ഈ സമയത്ത് ചില ഭാഗങ്ങളില്‍ 4 അടിയോളം ഉയരത്തില്‍ വെള്ളമുണ്ടാകും. കൂടാതെ വേനല്‍ക്കാലത്തും വെള്ളപ്പൊക്ക സമയത്തും രൂക്ഷമായ ശുദ്ധജല ക്ഷാമവും ഈ പ്രദേശം നേരിടുന്നുണ്ട്.