റാന്നി : ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരള റാന്നി ബി.ആർ.സി ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനം നൽകി. അങ്ങാടി പഞ്ചായത്ത് മുൻ ഭരണ സമിതിയംഗം ഷിബു സാമുവൽ ഉദ്ഘാടനം ചെയ്തു. ബി. പി. സി ഷാജി എ. സലാം അധ്യക്ഷത വഹിച്ചു. റജീന ബീഗം സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ഹിമമോൾ സേവ്യർ, വി.ആര്‍ വിഞ്ചു, സോണിയ മോൾ ജോസഫ്, ആർ രാജശ്രീ, എസ് അഞ്ജന എന്നിവർ സംസാരിച്ചു. തൊഴിൽ പരിശീലന വിദഗ്ധ ഷൈനി അഷറഫ് ചങ്ങനാശ്ശേരി പരിശീലനത്തിന് നേതൃത്വം നൽകി. ആദ്യഘട്ടത്തിൽ കുട നിർമാണത്തിലാണ് പരിശീലനം നൽകിയത്.
സീസൺ അനുസരിച്ച് ഡിമാൻ്റുള്ള വസ്തുക്കൾ നിർമിച്ച് വിപണനം നടത്താൻ രക്ഷിതാക്കളെ പ്രാവീണ്യം ഉള്ളവരാക്കുകയാണ് ലക്ഷ്യം. രക്ഷിതാക്കളും കുട്ടികളും ചേർന്ന് നിർമിക്കുന്ന ഉത്പന്നങ്ങൾ പഞ്ചായത്ത് വിദ്യാഭാസ സമിതികൾ വഴിയും വിദ്യാലയങ്ങൾ വഴിയും വില്പന നടത്താൻ ബി.ആർ.സിയിലെ ഉൾച്ചേർന്ന വിദ്യാഭ്യാസം തൊഴിൽ പരിശീലനത്തിൻ്റെ ചുമതലയുള്ള സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ സഹായിക്കും. ഓണത്തിന് ആശംസ കാർഡുകൾ, ലഘു ഭക്ഷണങ്ങൾ, ക്രിസ്മസ് -ന്യൂ ഇയറിന് നക്ഷത്ര വിളക്കുകൾ ആശംസ കാർഡുകൾ എന്നിവ നിർമിക്കും. പ്രവർത്തനങ്ങൾക്ക് ബി.പി.സി ഷാജി എ. സലാം സ്പെഷ്യൽ എഡുക്കേറ്റർ ഹിമമോൾ സേവ്യർ എന്നിവർ നേതൃത്വം നൽകും.