ഡൽഹി: തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി സമാജ്‌വാദി പാർട്ടി നേതാവും ലോക്‌സഭാ എംപിയുമായ ഡിംപിൾ യാദവ്. ചൊവ്വാഴ്ച മെയിൻപുരിയിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് 15.5 കോടി രൂപയിലധികം വിലമതിക്കുന്ന സ്ഥാവര, ജംഗമ സ്വത്തുക്കളുണ്ടെന്ന് ഡിംപിൾ യാദവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഡിംപിളിനൊപ്പം ഭർത്താവും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്, മുതിർന്ന പാർട്ടി നേതാക്കളായ ശിവ്പാൽ സിംഗ് യാദവ്, രാം ഗോപാൽ യാദവ് എന്നിവരും ഉണ്ടായിരുന്നു. ആകെ 15.5 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ഡിംപിൾ യാദവ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 10.44 കോടിയിലധികം മൂല്യമുള്ള സ്ഥാവര സ്വത്തുക്കളും 5.10 കോടിയിലധികം വിലമതിക്കുന്ന ജംഗമ സ്വത്തുക്കളും ഉണ്ട്.
2022ലെ ഉപതെരഞ്ഞെടുപ്പ് വേളയിൽ 14 കോടി രൂപയിലധികം ആസ്തിയുണ്ടെന്ന് ഡിംപിൾ വെളിപ്പെടുത്തിയിരുന്നു. ഭർത്താവും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന് 9.12 കോടി രൂപയും 17.22 കോടി രൂപയും വിലമതിക്കുന്ന ജംഗമ, സ്ഥാവര സ്വത്തുക്കളുണ്ട്. 2.77 കിലോഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങളും 203 ഗ്രാം മുത്തും 59.77 ലക്ഷം രൂപ വിലമതിക്കുന്ന വജ്രവും തന്റെ കയ്യിലുണ്ടെന്നും ഡിംപിൾ വെളിപ്പെടുത്തി. അഖിലേഷ് യാദവിന് 25.40 ലക്ഷം രൂപയും ഡിംപിളിന് 74.44 ലക്ഷം രൂപയും ബാധ്യതയും ഉണ്ട്.