തിരുവനന്തപുരം : ഭരണഘടനയുടെ 103-ാം ഭേദഗതിയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണം അട്ടിമറിക്കുന്ന വിധം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.
പുതുതായി നടപ്പാക്കിയ സാമ്പത്തിക സംവരണത്തിന്റെ മറവില്‍ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടരുതെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. എന്നാല്‍ സര്‍ക്കാരെടുത്ത സംവരണ നിലപാടില്‍ മാറ്റമില്ലെന്നും ഏതെങ്കിലും സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്കാര്‍ക്കെങ്കിലും സംവരണ ആനുകൂല്യങ്ങളില്‍ നഷ്ടമുണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നോക്ക സംവരണം നടപ്പാക്കിയതോടെ വിദ്യാഭ്യാസ ഉദ്യോഗ മേഖലയില്‍ മുസ്‌ലിംകളുള്‍പ്പടെ പിന്നോക്ക വിഭാഗങ്ങള്‍ക്കുണ്ടായ നഷ്ടം കണക്കുകള്‍ സഹിതം നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സുപ്രീം കോടതിയിലും കേരളാ ഹൈക്കോടതിയിലും ഇത് സംബന്ധമായ കേസ് നിലനില്‍ക്കെ ഈ വിഷയത്തില്‍ ധൃതി പിടിച്ച് തീരുമാനങ്ങള്‍ എടുക്കരുതെന്നും എടുത്ത നടപടികള്‍ മരവിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നരേന്ദ്രന്‍ കമ്മീഷനും പാലോളി കമ്മീഷനും നിര്‍ദ്ദേശിച്ച ബാക്ക് ലോഗ് നികത്തുക, പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഉന്നയിച്ചു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച ആശങ്ക അറിയിക്കുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നത് നിയമമാകുന്ന പക്ഷം സംഘടനകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. കൊവിഡ് കാരണം മരണപ്പെടുന്നവരുടെ മൃതദേഹം മതനിയമങ്ങള്‍ അനുസരിച്ച് കര്‍മങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയോടും നേതാക്കള്‍ ആവശ്യപ്പെട്ടു. സമസ്തയുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അനുകൂലമായ നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമസ്ത നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി കെ.ടി ജലീല്‍, സമസ്ത സംവരണ സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ. എന്‍.എ.എം ഖാദര്‍, ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പങ്കെടുത്തു.