കോഴിക്കോട് : മുസ്ലിം ലീഗ് നടത്തുന്ന സമരത്തിന് സമസ്ത എതിരല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങള്‍. മതം വേറെ രാഷ്ട്രീയം വേറെ. ഏതെങ്കിലുമൊരു പാര്‍ട്ടിയുമായി അകല്‍ച്ചയോ അടുപ്പമോ തങ്ങള്‍ക്കില്ലെന്നും അദ്ദേഹം ചോദ്യങ്ങളോട് വ്യക്തമാക്കി. സമസ്തയില്‍ എല്ലാ പാര്‍ട്ടിയിലുള്ളവരും ഉണ്ട്. മുസ്ലിം ലീഗിലുള്ളവര്‍ സമസ്തയിലും ഉണ്ടാകും. ലീഗിന്റെ സമരം ആ പാര്‍ട്ടിയുടെ തീരുമാനമാണ്.
സമസ്ത ഇപ്പോള്‍ വഖ്ഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് സമരത്തിനോ പ്രതിഷേധത്തിനോ ഇല്ല. തങ്ങള്‍ നേരത്തെയും സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ഇപ്പോഴും ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെത് മാന്യമായ പെരുമാറ്റമായിരുന്നു. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. അതിന്റെ തീരുമാനം വേഗം ഉണ്ടാകണം. വൈകരുത്. പൊതു കോ ഓഡിനേഷന്‍ കമ്മിറ്റി സമസ്തക്കില്ല. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് ആരെങ്കിലും ക്യാമ്പയിന്‍ നടത്തുന്നതിനോടും തങ്ങള്‍ക്കെതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്തയെ ആര്‍ക്കും ഒറ്റപ്പെടുത്താനാവില്ലെന്നും അങ്ങനെ ചിന്തിക്കുന്നതുതന്നെ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.