ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഏറ്റവും വമ്പൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ അത് സാംസങ് ഗാലക്സി എസ്23 അൾട്ര ആണ്. പ്രീമിയം സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതിൽ മാത്രമല്ല. ബജറ്റ് വിലയിൽ മികച്ച 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നതിലും ഒട്ടും പിന്നിലല്ല സാംസങ്. ബജറ്റ് വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ആശ്രയിക്കാൻ സാധിക്കുന്ന വിധത്തിൽ പുതിയ ഗാലക്സി എ15 5ജി ഫോൺ സാംസങ് ഉടൻ പുറത്തിറക്കാൻ തയ്യാറാവുകയാണ്. ഗാലക്‌സി എ 14 ന്റെ പിൻഗാമിയായാണ് ഈ 5ജി ഫോൺ എത്തുന്നത്.
ഗാലക്സി A15 5Gയിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേ ഇതിൽ ഉണ്ട്. 90Hz പുതുക്കൽ നിരക്കും FHD+ റെസല്യൂഷനും പ്രതീക്ഷിക്കാം. 2.2GHz ക്ലോക്ക് സ്പീഡുള്ള മീഡിയടെക് ചിപ്‌സെറ്റാകും ഇതിൽ ഉണ്ടാകുക. 13MP ഫ്രണ്ട് ക്യാമറയാണ് ഗാലക്സി എ15 5ജിയിൽ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി ഉണ്ടാകുക. ബജറ്റ് വിലയിൽ എത്തുന്ന സാംസങ് ഗാലക്സി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ അടക്കം ഇത്രയും മികച്ച ഓപ്ഷനുകൾ നൽകിയിരിക്കുന്നത് ആകർഷകമായി വിലയിരുത്തപ്പെടുന്നു. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൈകളിൽ നന്നായി പിടിക്കാൻ പാകത്തിൽ വൃത്താകൃതിയിലുള്ള എഡ്ജുകളുള്ള ഒരു ബോക്‌സി ഡിസൈനാണ് ഈ ഫോണിനുള്ളത്. ഫ്രണ്ട് ഡിസൈൻ വളരെ സാധാരണ രീതിയിലാണ്. വോളിയം റോക്കറും പവർ ബട്ടണും വലതുവശത്താണ്. ഫിംഗർ പ്രിന്റ് സെൻസറും വശങ്ങളിലാകാനാണ് സാധ്യത. നിലവിൽ നീല നിറത്തിലുള്ള ഗാലക്സി എ15 5ജിയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. മറ്റ് കളർ ഓപ്ഷനുകളും ഉണ്ടാകാം. ലോഞ്ചിന് മുന്നോടിയായി പുതിയ സാംസങ് ഗാലക്‌സി എ 15 5 ജി വാൾമാർട്ടിൽ 139 ഡോളറിനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ തുകയിൽ ഇത് ഏകദേശം 11,600 രൂപ വരും. സാധാരണക്കാർക്ക് വിശ്വസിച്ച് വാങ്ങാവുന്ന ഒരു ബ്രാൻഡഡ് 5ജി സ്മാർട്ട്ഫോണായി മാറാൻ ഗാലക്സി എ15 5ജിക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ലോഞ്ച് തീയതി പുറത്തുവിട്ടിട്ടില്ല.