സാംസങ്ങ് ഗാലക്സി എസ് 24 സീരീസ് സ്മാർട്ട്ഫോണുകൾ അടുത്ത വർഷത്തിന്‍റെ തുടക്കത്തിൽ പുറത്തിറങ്ങും. ഐഫോൺ 15 സീരീസിൽ ക്യാമറകളിൽ അടക്കം അപ്ഡേറ്റുകൾ ഉണ്ടാകുമെന്ന വാർത്തകൾ ഐഫോൺ പ്രേമികളെ ആവേശത്തിലാക്കിയത് പോലെ സാംസങ് (Samsung) ആരാധകരെ സന്തോഷിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. സാംസങ്ങ് ഗാലക്സി എസ്24 സീരീസിന്‍റെ (Samsung Galaxy S24 Series)മിക്ക വിശദാംശങ്ങളും ഇതിനകം തന്നെ ഓൺലൈനിൽ ലീക്കായിട്ടുണ്ട്. ക്യാമറ, ചിപ്‌സെറ്റ്, ഡിസ്‌പ്ലേ എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും അപ്ഡേറ്റുമായിട്ടായിരിക്കും സാംസങ്ങ് ഗാലക്സി എസ്24 അൾട്ര വരുന്നത്. സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഗാലക്‌സി എസ് 23 സീരീസ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അവതരിപ്പിച്ചത്. ഗാലക്‌സി എസ്24 അൾട്ര സ്മാർട്ട്ഫോണിന്‍റെ ലീക്കായ വിവരങ്ങളിൽ ഏറ്റവും പ്രധാനം ക്യാമറയുമായി ബന്ധപ്പെട്ടതാണ്. ഈ ഫോണിലെ ടെലിഫോട്ടോ ലെൻസിന്‍റെ കാര്യത്തിലായിരിക്കും പ്രധാനമായും അപ്ഡേറ്റ് ലഭിക്കുകയെന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. സാംസങ് ഗാലക്സി എസ്24 അൾട്ര സ്മാർട്ട്ഫോണിന്‍റെ പിൻ ക്യാമറ സെറ്റപ്പിൽ 3x ഒപ്റ്റിക്കൽ സൂം ശേഷിയുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് സൂചനകൾ. നിലവിലെ ഗാലക്‌സി എസ്23 അൾട്ര സ്മാർട്ട്ഫോണിൽ 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയാണുള്ളത്. 3x ഒപ്റ്റിക്കൽ സൂം തന്നെയാണ് എസ്23 അൾട്രയിലും ഉള്ളത്. ലീക്ക് റിപ്പോർട്ടിൽ നൽകിയിട്ടുള്ള ഈ വിശദാംശങ്ങൾ ശരിയാണെങ്കിൽ സാംസങ് ഗാലക്സി എസ്24 അൾട്ര സൂം ഇൻ ചെയ്താലും മികച്ച ഇമേജ് ക്വാളിറ്റി നൽകും.
ഫ്ലാറ്റ് സ്‌ക്രീനുകൾ ഉപയോഗിക്കാനായി കർവ്ഡ് ഡിസ്‌പ്ലേകൾ ഒഴിവാക്കാൻ സാംസങ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഗാലക്‌സി എസ്20 മുതൽ പുറത്തിറങ്ങിയ അൾട്ര സ്മാർട്ട്ഫോണുകളിൽ കമ്പനി കർവ്ഡ് പാനലാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ ചില റിപ്പോർട്ടുകളിൽ ഈ ഡിസ്പ്ലെയുടെ ഡിസൈനിൽ മാറ്റങ്ങളില്ലെന്നാണ് കാണിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോണിലുണ്ടായിരുന്ന 1750 നിറ്റ്സ് സ്ക്രീനിലേക്കാൾ മികച്ച 2500 നിറ്റ്സ് പാനലായിരിക്കും സാംസങ് ഗാലക്സി എസ്24 അൾട്രയിൽ ഉണ്ടായിരിക്കുക.